തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മിനിമം വരുമാനം പദ്ധതി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി.തോല്‍ക്കുമെന്ന് താങ്കള്‍ക്ക് തന്നെ ഉറപ്പുണ്ടെങ്കില്‍ ചന്ദ്രനെ പിടിച്ചുകൊടുക്കുമെന്ന് വരെ വാഗ്ദാനമായി നല്‍കാമെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പ്രതികരണം. ട്വിറ്ററില്‍ ആയിരുന്നു രാംമാധവ് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തിന് മറുപടി നല്‍കിയിരിക്കുന്നത്.
തോല്‍ക്കുമെന്ന് താങ്കള്‍ക്ക് തന്നെ ഉറപ്പുണ്ടെങ്കില്‍ ചന്ദ്രനെ വരെ വാഗ്ദാനമായി നല്‍കാം.ഇതെല്ലാം ആരാണ് ഗൗരവത്തോടെ എടുക്കുന്നത്. നിലവില്‍തന്നെ കേന്ദ്രസര്‍ക്കാരിന്റെ നിരവധി ക്ഷേമപദ്ധതികളിലായി ദരിദ്രജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുന്നുണ്ട്. ഈ ജനക്ഷേമ പദ്ധതികള്‍ക്ക് പുറമേ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനാണോ ഒരുങ്ങുന്നതെന്ന് രാം മാധവ് ചോദിച്ചു. അതോ നിലവിലെ പദ്ധതികളെയെല്ലാം ഏകോപിപ്പിക്കാനുളള ശ്രമത്തിലാണോ എന്നും രാം മാധവ് ചോദിച്ചിരുന്നു .
ഇന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹല്‍ ഗാന്ധി മിനിമം വേതനം എന്ന വാഗ്ദാനം രാജ്യത്തിന് നല്‍കിയത്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം 72000 രൂപ ഉറപ്പാക്കുമെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്. ജനസംഖ്യയുടെ 20 ശതമാനത്തിന് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. മിനിമം വരുമാന പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് രാഹുലിനെ വിമര്‍ശിച്ച് രാം മാധവ് രംഗത്തുവന്നത്.
അഞ്ചു കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ഉറപ്പാക്കുന്ന മിനിമം വരുമാനം പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ഇരുപത്തിയഞ്ചു കോടി ആളുകള്‍ പദ്ധതിയുടെ കീഴില്‍ വരും. ഓരോ കുടുംബത്തിനും പ്രതിമാസം പന്ത്രണ്ടായിരം രൂപ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു
Discussion about this post