കഴിഞ്ഞ നാലര കൊല്ലത്തിനിടയില്‍ വിദേശരാജ്യങ്ങളില്‍ അകപ്പെട്ടുപോയ രണ്ടുലക്ഷത്തോളം ഇന്ത്യാക്കാരെ തിരികെ എത്തിക്കാനായി എന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പലകാരണങ്ങള്‍കൊണ്ടും തിരികെ വരാനാകാതെ വിദേശരാജ്യങ്ങളില്‍ അകപ്പെട്ട ഒറ്റപ്പെട്ടുപോയവരെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണം ഇന്ത്യയിലെത്തിക്കാന്‍ ആയത്.
ഇതിനു മുന്‍പ് അനേകം വിദേശകാര്യമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. ആരും വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമം പരിഗണിച്ചതേയില്ല. പക്ഷേ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വിദേശത്ത് പ്രവാസികളായി താമസിക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഏറ്റവും പ്രാധാന്യമുള്ള വിഷയമായി പരിഗണിക്കുകയും അവര്‍ക്കു വേണ്ട കാര്യങ്ങളെല്ലാം എംബസികള്‍ വഴി ചെയ്തുകൊടുക്കുകയും ചെയ്തു. ”വിദേശത്ത് നിങ്ങളുടെ സുഹൃത്ത് ഭാരതീയ എംബസി” എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ത്യന്‍ എംബസികളെ ദന്തഗോപുരത്തില്‍ ഇരിക്കുന്ന കുറച്ചു ഉദ്യോഗസ്ഥരുടെ കേന്ദ്രം എന്നതിലുപരി വിദേശ ഇന്ത്യക്കാരുടെ സഹായത്തിനുള്ള കേന്ദ്രങ്ങളായി മാറ്റി. സുഷമ സ്വരാജ് പറഞ്ഞു.
നമ്മുടെ നാട്ടില്‍ ആരെങ്കിലും അപകടത്തില്‍ അകപ്പെട്ടു പോയാല്‍ അനേകം രീതിയില്‍ നമുക്കവരെ സഹായിക്കാനാകും. എന്നാല്‍ ഒരു വിദേശരാജ്യത്ത് ആരുടെയെങ്കിലും തട്ടിപ്പിനിരയായ മറ്റേതെങ്കിലും രീതിയിലോ ഒരു ഇന്ത്യന്‍ പൗരന് അപകടത്തില്‍പ്പെട്ടാല്‍ പലപ്പോഴും അവരെ സഹായിക്കാന്‍ ആരും ഉണ്ടാകാറില്ല. അപ്പോഴാണ് ഇന്ത്യന്‍ എംബസികള്‍ കേന്ദ്രീകരിച്ച് അപകടത്തില്‍പെടുന്ന അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോകുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ ഭാരതത്തില്‍ എത്തിക്കാന്‍ വേണ്ടുന്ന ത്വരിതഗതിയിലുള്ള നടപടികള്‍ തുടങ്ങിയത്. 2,03,666 ഇന്ത്യക്കാരെയാണ് കഴിഞ്ഞ നാലര കൊല്ലത്തിനിടയില്‍ സുരക്ഷിതമായി ഈ ഗവണ്മെന്റ് രക്ഷപ്പെടുത്തിയത്. ഐക്യരാഷ്ട്രസഭയില്‍ 193 അംഗ രാജ്യങ്ങള്‍ ഉണ്ട്. ഇവരില്‍ പലരും പരസ്പരം ശത്രു രാജ്യങ്ങളാണ്. പക്ഷേ മിക്ക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് വളരെ നല്ല ബന്ധമാണുള്ളത്.
നമ്മുടെ മാറിയ നയതന്ത്ര മുദ്രാവാക്യം ”നേഷന്‍ ഫസ്റ്റ് ‘ , ‘രാഷ്ട്രം ആദ്യം ‘ എന്നുള്ളതാണ്. നമ്മുടെ ദേശീയ താല്പര്യങ്ങള്ക്കാണ് നാം ഏറ്റവും കൂടുതല്‍ പ്രാമുഖ്യം കല്പിക്കുന്നത്. അതോടുകൂടി നമ്മെ ദ്രോഹിക്കാന്‍ താല്പര്യമില്ലാത്ത എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു. അമേരിക്കയും റഷ്യയുമായി വലിയ അസ്വാരസ്യങ്ങളാണ് നിലനില്‍ക്കുന്നത് . റഷ്യയുടെ മുകളില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യ ഇരു രാജ്യങ്ങളുമായും വളരെ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. അതുപോലെ തന്നെയാണ് യുഎഇ, ഇറാന് എന്നീ രാജ്യങ്ങള്‍. യുഎഇയും ഇറാനും പരസ്പരം വൈരം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി കൊടുത്തുകൊണ്ടാണ് യുഎഇ ബഹുമാനിച്ചത്. ഇറാന് ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളികളില്‍ ഒരാളാണ്.
ഇസ്രയേലും പാലസ്തീനും ആയും ഇതുപോലെ തന്നെയാണ് ഇന്ത്യയുടെ ബന്ധം. ഇങ്ങനെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയ മാറ്റമാണ് ഈ ഗവണ്മെന്റിന്റെ കാലത്ത് ഉണ്ടായിരിക്കുന്നത്. സുഷമ സ്വരാജ് പറഞ്ഞു. പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് ആയി ഇത്രയധികം കാര്യങ്ങള്‍ ചെയ്ത ഗവണ്മെന്റ് മുന്‍പുണ്ടായിട്ടില്ല. വിദേശരാജ്യങ്ങളില്‍ ഒന്നും പ്രവാസികള്‍ അനാഥര്‍ അല്ല എന്ന സന്ദേശം നല്‍കിക്കൊണ്ട് ഇത്രയധികം ആള്‍ക്കാരെ സഹായിച്ച ഒരു ഭരണവും മുന്‍പുണ്ടായിട്ടില്ല. പാസ്പോര്‍ട്ട് ലഭിക്കുന്നത് മുതല്‍ വിദേശരാജ്യങ്ങള്‍ കുടുങ്ങിപ്പോയാല്‍ ലഭിക്കുന്ന സഹായം വരെ അതീവ നിഷ്കര്‍ഷയോടെ ഭാരതീയരുടെ ക്ഷേമം ലോകത്തെവിടെയായാലും ഉറപ്പുവരുത്തുന്ന ഗവണ്മെന്റ് ആണിത്. രാഷ്ട്ര സേവികാ സമിതിയുടെ സംഘടനയായ ശ്രീശക്തി പീഠ് സംഘടിപ്പിച്ച യോഗത്തിലാണ് സുഷമ സ്വരാജ് ഈ പ്രഭാഷണം നടത്തിയത്.
Discussion about this post