കാസര്‍കോട് ലോകസഭ മണ്ഡലത്തില്‍ മഞ്ചേശ്വരത്തെ പ്രചരണം പൊടി പാറിക്കാനാണ് ബിജെപി തീരുമാനം. ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണ മുന്നിലെത്തുകയാണ് പ്രധാന ലക്ഷ്യം. മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുറസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് മഞ്ചേശ്വരം ഉടന്‍ തന്നെ ഉപതെരഞ്ഞെടുപ്പിലെക്ക് നീങ്ങും. അതിനാല്‍ മഞ്ചേശ്വരത്ത് പിടിക്കുന്ന വോട്ടുകള്‍ പ്രധാന പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്.
ബി.ജെ.പി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടുന്ന രണ്ടാമത്തെ ലോക്‌സഭ മണ്ഡലമാണ് കാസര്‍കോട്. ഇത്തവണ അട്ടിമറി വിജയം ലക്ഷ്യമിട്ട് ബിജെപി നേതാവ് രവീശ്വ ശാസ്ത്രീയെ ആണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഇതിനിടയില്‍ ശക്തി കേന്ദ്രമായ മഞ്ചേശ്വരത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ബിജെപി തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 56781 വോട്ടുനേടിയ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ 89 വോട്ടിനാണ് അബ്ദു റസാഖിനോട് തോറ്റത്. കള്ള വോട്ട് നേടിയാണ് യുഡിഎഫ് ജയിച്ചതെന്ന കെ സുരേന്ദ്രന്റെ പരാതി ഹൈക്കോടതി കയറിയിരുന്നു. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തിന് പിന്നാലെ കേസ് പിന്‍വലിക്കാനുള്ള അപേക്ഷയും സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ഇത്തവണ വലിയ മുന്നേറ്റം കാഴ്ചവെക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷ. അടിയൊഴുക്കില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ബിജെപി ഒരട്ടിമറി ജയം തന്നെ മുന്നില്‍ കാണുന്നു. മുന്‍ നിര നേതാക്കള്‍ക്ക് പകരം രവീശ്വ തന്ത്രിയെ രംഗത്തിറക്കിയതിന് പിന്നിലും ബിജെപിയുടെ തന്ത്രമുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റായ രവീശ തന്ത്രി ഹിന്ദുത്വ സംഘടനാരംഗത്തും ആചാര പരിപാലന രംഗത്തും പ്രവര്‍ത്തിക്കുന്നയാളാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ എന്‍.എ. നെല്ലിക്കുന്നിനോട് മത്സരിച്ച് തോറ്റിരുന്നു.മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതും രവീശ്വ തന്ത്രിയുടെ മികവായി വിലയിരുത്തപ്പെട്ടു. കെ.ജി. മാരാര്‍, ഒ.രാജഗോപാല്‍, സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍ എന്നിവര്‍ മത്സരിച്ച മണ്ഡലത്തില്‍ രവീശ്വ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് പിന്നിലെ തന്ത്രം ഹിന്ദു വോട്ടുകളുടെ ഏകീകരണമാണെന്ന പേടി എതിര്‍ പാര്‍ട്ടിക്കാര്‍ക്കുണ്ട്. പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ രവീശ്വ തന്ത്രി മണ്ഡലം ഇളക്കിമറിക്കുന്ന ആവേശം തീര്‍ത്ത് കഴിഞ്ഞു.
മഞ്ചേശ്വരത്ത് പുതിയ വോട്ടര്‍മാരെ വിപുലമായി ചേര്‍ത്ത് ബിജെപി ജയമുറപ്പിക്കാനുള്ള നീക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. ഇതിനിടെ കര്‍ണാടകയിലുള്ള മണ്ഡലത്തിലെ ബിജെപി കുടുംബക്കാരുടെ വോട്ടുകള്‍ വ്യാപകമായി പട്ടികയില്‍ ഇടംപിടിച്ചുവെന്ന ആരോപണം എതിരാളികള്‍ ഉയര്‍ത്തിയിരുന്നു. മറ്റ് മണ്ഡലങ്ങളില്‍ 1500ല്‍ താഴെ അപേക്ഷ ലഭിച്ചപ്പോള്‍ മഞ്ചേശ്വരത്ത് മാത്രം ആറായിരത്തിനു മുകളില്‍ ലഭിച്ച അപേക്ഷ ലഭിച്ചതാണ് എതിര്‍ പാര്‍ട്ടിക്കാരെ അസ്വസ്ഥമാക്കുന്നത്. തന്ത്രപരമായ വോട്ടുചേര്‍ക്കലിലൂടെ ബി.ജെ.പി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടി തുടക്കമിട്ടുവെന്നാണ് വിലയിരുത്തല്‍.
Discussion about this post