കൊല്ലം : കൊല്ലം ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിനെ വിമര്‍ശിച്ചുള്ള പോസ്റ്റ് സാമൂഹ്യ മാദ്ധ്യമത്തില്‍ ഷെയര്‍ ചെയ്ത് സിപിഎം ബ്ലോക്ക് പഞ്ചായത്തംഗം. സിപിഎം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതയാണ് പോസ്റ്റ് ഷെയര്‍ ചെയ്ത് സിപിഎമ്മിന്റെ നോട്ടപുള്ളിയായത്.
ഒരു പരിസ്ഥിതി സ്നേഹിയുടെ കഥ എന്ന തലക്കെട്ടിലായിരുന്നു കെ.എന്‍ ബാലഗോപാലിനെപ്പറ്റിയുള്ള പോസ്റ്റ്. എന്നാല്‍ ഉള്ളടക്കത്തില്‍ ബാലഗോപാല്‍ സ്വന്തം സഹോദരന്റെ പാറക്വാറിക്ക് വേണ്ടി ചെയ്തുകൊടുത്ത സഹായങ്ങളും അതുവഴി പാറവില ലോഡിന് വളരെയധികം ഉയര്‍ന്നതായുള്ള ആരോപണങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. ഇത് വായിക്കാതെ തലക്കെട്ട് മാത്രം വായിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തതാണെന്നാണ് സുനിത പറയുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനു വേണ്ടി പ്രചാരണം നടത്തുന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ആയിരുന്നു പോസ്റ്റ് വന്നത്. ഇത് പോലും നോക്കാതെ സുനിത പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ആയിരകണക്കിന് ഏക്കറില്‍ കിടക്കുന്ന സ്വന്തം ജ്യേഷ്ഠന്റെ ക്വാറിയിലെ പാറ ഈ തലമുറയിലൊ, അടുത്ത തലമുറയിലെങ്കിലുമൊ പൊട്ടിച്ച് വിറ്റ് കാശാക്കണമെന്ന ജ്യേഷ്ഠന്റെ ആഗ്രഹം സഫലീകരിക്കാനാണ് കൊല്ലം ജില്ലയിലെ ക്വാറികളുടെ ലൈസന്‍സ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തടഞ്ഞതെന്നാണ് ആരോപണം.
പോസ്റ്റിനു താഴെ നിരവധി കമന്റുകള്‍ വന്നതോടെയാണ് ബ്ലോക്കംഗത്തിന് അമളി മനസ്സിലായത്. ഇതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. സിപിഎം നേതൃത്വം സുനിതയോട് വിശദീകരണം ചോദിച്ചതായാണ് റിപ്പോര്‍ട്ട്.
Discussion about this post