ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കശ്മീര്‍ വിഘടനവാദികളുടെ ആഹ്വാനം. വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കശ്മീരി ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് ലോക്സഭാ സീറ്റുകളുള്ള ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക.
ജനാധിപത്യ പക്രിയയിലെ പ്രധാനപ്പെട്ട ഭാഗമാണ് തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ ഇവിടെയെങ്ങും ജനാധിപത്യത്തിന്റെ തരിപോലും കാണാനില്ലെന്ന് ഗീലാനി ആരോപിച്ചു. ഈ നാട്ടിലെ ജനങ്ങള്‍ നിലവിലെ സാഹചര്യങ്ങളില്‍ സംതൃപ്തരല്ലെന്നും ഗീലാനി പറയുന്നു.
ജമ്മു കശ്മീരിലെ വിഘടനവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമി, ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്നീ സംഘടനകളേ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ വിഘടനവാദികള്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത്തവണ വിഘടനവാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. രണ്ട് സംഘടനകളെ നിരോധിച്ചതിന് പുറമെ നിരവധി വിഘടനവാദി നേതാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Discussion about this post