രാജ്യത്തിന്റെ പ്രശ്നം ഭീകരവാദം അല്ലെന്നും തൊഴിലില്ലായ്മ ആണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് . രാഹുലിന് ഭീകരവാദം പ്രശ്നമല്ലെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുന്ന എസ്.പി.ജി സുരക്ഷ വേണ്ടെന്ന് വയ്ക്കണമെന്ന് സുഷമസ്വാരാജ് ആവശ്യപ്പെട്ടു.
” രാഹുലിന് ഭീകരവാദം ഒരു പ്രശ്നമല്ല എന്നാണു പറയുന്നത് . അങ്ങനെയെങ്കില്‍ എന്തിനാണ് താങ്കള്‍ക്ക് എസ്.പി.ജി സുരക്ഷ ? അത് വേണ്ട എന്ന് എഴുതി നല്‍കൂ . രാജീവ് ഗാന്ധി വധത്തിനു ശേഷം താങ്കളുടെ കുടുംബാംഗങ്ങള്‍ എല്ലാം തന്നെ സുരക്ഷാവലയത്തിനുള്ളിലാണ് . അങ്ങനെയിരിക്കെ രാജ്യത്ത് ഭീകരവാദമേയില്ല എന്നാണു താങ്കളുടെ അഭിപ്രായമെങ്കില്‍ സുരക്ഷ വേണ്ടെന്ന് വയ്ക്കണം ” – സുഷമ പറഞ്ഞു .
പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയ്ക്ക് അന്താരാഷ്ട്രതലത്തില്‍ വല്യ സ്വീകാര്യതയാണ് ലഭിച്ചത് . എന്നാല്‍ നമ്മുടെ പ്രതിപക്ഷപാര്‍ട്ടികള്‍ അതിനെ വിമര്‍ശിക്കുകയാണ് ചെയ്തത് . ജയ്ഷെ മുഹമ്മദിനെതിരെ നടത്തിയ ആക്രമണത്തിന്റെ ക്രെഡിറ്റ് ബിജെപി ഒറ്റയ്ക്ക് നേടുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത് . ഇത് തീര്‍ത്തും ബാലിശമാണ് അവര്‍ പറഞ്ഞു .
2008ല്‍ നടന്ന മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ യു.പി.എ എന്ത് കൊണ്ട് ശക്തമായ നടപടി സ്വീകരിച്ചില്ലയെന്ന് ബിജെപി സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്നവര്‍ ആലോചിക്കണം . 2019 ല്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പിനെ നേരിടുന്നത് സുരക്ഷ , വികസനം , ക്ഷേമം എന്നീ മൂന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി .
Discussion about this post