കൊലപാതകക്കേസിലെ പ്രതിയെ എന്താണ് വിളിക്കുകയെന്ന് സിപിഐഎം വ്യക്തമാക്കട്ടെയെന്ന് കെ.കെ രമ. ഇത്തരം പരാമര്‍ശങ്ങള്‍ ആദ്യസംഭവം അല്ലെന്നും കെ.കെ രമ കോഴിക്കോട് പറഞ്ഞു . പി ജയരാജനെതിരെ കൊലയാളി പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍ക്ക് മുന്‍പില്‍ ഹാജരായതിന് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. കോടിയേരി ബാലകൃഷ്ണന്റെ പരാതിയിന്മേല്‍ അടുത്ത 17 ന് മുന്‍പായി മറുപടി നല്‍കുമെന്നും രമ വ്യക്തമാക്കി.
വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി ജയരാജനെതിരെ കൊലയാളി പരാമര്‍ശം നടത്തിയതില്‍ സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ആര്‍.എം.പി നേതാവ് കെ കെ രമ ഇന്ന് കളക്ടര്‍ക്ക് മുമ്പാകെ രാവിലെ 11 മണിക്കാണ് ഹാജരായത്. പൊതുമദ്ധ്യത്തില്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ കെ കെ രമ ശ്രമിച്ചുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാതിയിന്മേല്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരുന്നു. വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്‍ കൊലയാളി ആണെന്നായിരുന്നു കെ.കെ രമയുടെ പരാമര്‍ശം .
പൊതുജനമധ്യത്തില്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ആണെന്നും ഇതിനെതിരെ മാതൃകാ പെരുമാറ്റച്ചട്ടപ്രകാരം കേസെടുക്കണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കോടിയേരി പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മറുപടി നല്‍കാന്‍ കെ കെ രമയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കുകയായിരുന്നു . എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി കേസ് എടുത്തത്.
Discussion about this post