റാഫേല്‍ കേസില്‍ സുപ്രിംകോടതി വിധി തിരിച്ചടിയല്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. പുനഃപരിശോധന ഹര്‍ജിയില്‍ ഇനിയും തീരുമാനമായിട്ടില്ല. രാഹുല്‍ഗാന്ധി വിധി വായിക്കാതെയാണ് പ്രസ്താവന നടത്തുന്നത്. സുപ്രിംകോടതി പറയാത്തതാണ് രാഹുല്‍ പ്രചരിപ്പിക്കുന്നത്. കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയെന്ന രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമാണ്. കോടതി ഉത്തരവില്‍ ഇല്ലാത്ത കാര്യങ്ങളാണ് രാഹുല്‍ പറയുന്നതെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
കരാറിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന് ഡിസംബറിലെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ നിരാശയാണ് പ്രതികരണം വ്യക്തമാക്കുന്നത്. മോഷ്ടിക്കപ്പെട്ട ചില രേഖകള്‍ റിവ്യൂ ഹര്‍ജിക്കൊപ്പം പരിഗണിക്കും എന്നുമാത്രമാണ് കോടതി അറിയിച്ചത്. ഈ രേഖകള്‍ ഭാഗികമായാണ് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആവശ്യപ്പെട്ട എല്ലാ രേഖകളും കോടതിക്ക് നല്‍കിയിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണം പച്ചക്കള്ളമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ആഭ്യന്തര സുരക്ഷയെപ്പറ്റി അപൂര്‍ണ വിവരം പുറത്തുവരാന്‍ ഹര്‍ജിക്കാരുടെ ഇടപെടല്‍ കാരണമായി. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്ക് വെക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്ന അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിതിനെ തുടര്‍ന്ന് കേസ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മോഷണം പോയ രേഖകള്‍ പരിഗണിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ റാഫേല്‍ കരാര്‍ സുതാര്യമാണെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. ഇതിനെതിരെയുള്ള പുനപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ആ വിധി തുറന്ന കോടതിയില്‍ കേള്‍ക്കവെയാണ് പുതിയ രേഖകള്‍ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.
അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ് വന്ത് സിന്‍ഗ, അരുണ്‍ ഷൂരി എന്നിവരാണ് ഹര്‍ജിക്കാര്‍.
Discussion about this post