തലസ്ഥാന നഗരിയില്‍ എന്‍എസ്എസ് പിന്തുണ ശശി തരൂരിനെന്ന ഡെക്കാണ് ക്രോണിക്കിള്‍ റിപ്പോര്‍ട്ട് തിരുത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തിരുവനന്തപുരം കേന്ദ്രമാക്കി പ്രാദേശിക ഇംഗ്ലീഷ് പത്രം തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുന്നതറിഞ്ഞുവെന്നും, ഈ പ്രസ്താവനയ്ക്ക് എന്‍എസ്എസുമായി ബന്ധമില്ലെന്നും എന്‍എസ്എസ് വാര്‍ത്താകുറിപ്പിറക്കി.
ശബരിമല വിഷയത്തില്‍ നിലപാട് തുറന്ന് പറഞ്ഞതാണെന്നും, രാഷ്ട്രീയമായി സമദൂരമാണെന്നും വാര്‍ത്താ കുറിപ്പില്‍ ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങളില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവന്തപുരത്ത് സിന്ധ്യ ചന്ദ്രന് എന്ന റിപ്പോര്‍ട്ടറാണ് ബൈലൈനില്‍ വാര്‍ത്ത നല്‍കിയത്. എന്‍എസ്എസ് താലൂക്ക് യൂണിയന് ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്‍എസ്എസ് നേതൃത്വത്തിന് ശശി തരൂരുമായി വ്യക്തിപരമായി പ്രശ്നങ്ങള്‍ ഉണ്ടെന്നും, ഇത് നേതൃത്വം പരിഹരിച്ചുവെന്ന് പേരു പറയാതെ കോണ്‍ഗ്രസ് നേതാവിനെ പത്രം ഉദ്ധരിക്കുന്നുമുണ്ട്.
വാര്‍ത്തക്കെതിരെ എന്‍എസ്എസ് യൂണിയന് ഫേസ്ബുക്ക് പേജുകളില്‍ നിന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശശി തരൂര്‍ നായര്‍ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന തന്റെ പുസ്തകത്തില്‍ നടത്തിയത് മണ്ഡലത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. ശശി തരൂരിനെ പിന്തുണക്കുന്നില്ല എന്‍എസ്എസ് എന്ന് ഇപ്പോള്‍ ഉറപ്പായല്ലോ എന്ന വാദവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തി.
Discussion about this post