(പെന്‍ഡ്രൈവ് )നന്ദികേശന്
സുരേഷ് ഗോപി എന്താ വിചാരിച്ചത്..? വഴിയേ പോകുന്ന നായന്മാര്ക്കൊക്കെ കയറി നിരങ്ങാനുള്ള സ്ഥലമാണ് പെരുന്നയിലെ പരിശുദ്ധ പോപ്പിന്റെ സിംഹാസനം സ്ഥിതി ചെയ്യുന്ന മന്ദിരം എന്നോ..? അതങ്ങ് അമ്പലത്തില്‍ പറഞ്ഞാ മതി.. പെരുന്ന വാഴും പോപ്പുമാരെ ഇതരനായന്മാര് എങ്ങനെ, എപ്പോള്‍ കാണും, കാണണം എന്നൊക്കെ തീരുമാനിക്കാന്‍ ഇവിടെ പോപ്പ് ഉണ്ട്..!! തല്ക്കാലം അഖിലകേരള നായന്മാര്ക്ക് ഒരു ഭദ്രാസനവും പോപ്പും മാത്രേയുള്ളൂ…!!! അതു മറക്കണ്ടാ…!!
സുരേഷ്ഗോപിയെ പോപ്പ് കുറച്ചു നാളായി കുറിതൊട്ടു നിറുത്തിയിരിക്കുകയായിരുന്നു..നായരാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, സുരേഷ് ഗോപിയ്ക്ക് പോപ്പിനോടും തിരുസഭയോടും തീരെ ബഹുമാനമില്ല…!! അല്ലെങ്കില്‍ സഭ പരിശുദ്ധനെന്ന് സാക്ഷ്യപ്പെടുത്തിയ പാലായിലെ മഹാത്മാവിനെ അംഗീകരിക്കാതെ സവര്‍ണ്ണ ഫാസിസ്റ്റുകള്‍ക്കൊപ്പം പോകുമോ..? കേന്ദ്രസര്‍ക്കാര്‍ മാറിയിട്ടും കേരളത്തിലെ നായന്മാര്ക്ക് യാതൊരു ഗുണവും ഉണ്ടായില്ലെന്നും അതിനേക്കാള്‍ ഗുണം സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ട് എന്നും പോപ്പ് പറഞ്ഞിട്ട് ഈ ഗോപിനായര് വല്ല വകതിരിവും കാണിച്ചോ..?! സരിതാ നായര്‍, ശാലു മേനോന്, ബിജു രാധാകൃഷ്ണന് നായര്‍, ശ്രീധരന് നായര്‍, കവിതാ മേനോന് അങ്ങനെ ഈ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ കൊണ്ടു മാത്രം ജീവിതത്തില്‍ രക്ഷപ്പെട്ട് കഞ്ഞികുടിച്ചു പോകുന്ന എത്ര സമുദായംഗങ്ങള്‍ ഉണ്ട് എന്ന് സുരേഷ്ഗോപി ചിന്തിച്ചിട്ടുണ്ടോ..?സമുദായത്തിന് ഇത്രയേറെ സൗകര്യങ്ങളും സഹായവും ചെയ്തു തന്ന വേറെ ഏതു സര്ക്കാരുണ്ടായിട്ടുണ്ട് ഈ കേരളത്തില്‍ ഇതുവരെ..അങ്ങനെയുള്ള പരമപൂജനീയ മഹാന്മാരെ പള്ളുപറഞ്ഞ് കാവിക്കൊടി പിടിക്കാന്‍ വേണ്ടിപ്പോയ സുരേഷ്ഗോപി നായരെ കുറെ നാളായി കയ്യില്‍ ഒന്ന് ഒതുങ്ങിക്കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു..!ങാഹാ…!!!
ഇനി മേലാല്‍ സുരേഷ്ഗോപിയെന്നല്ല നാണമുള്ള ഒരു നായരും ആ പടി കയറില്ല..! അല്ല, എന്തിനാ അങ്ങനെ കണ്ട നായന്മാരൊക്കെ ഈ പരിശുദ്ധ അരമനയുടെ തിണ്ണ നിരങ്ങുന്നത്..? അതിനു യോഗ്യരായവര്‍ വേറെയുണ്ട് നായരേ..!! പണ്ട് കുമളിയിലെ ഒരു കോളേജ് വാധ്യാര് ഒരു വല്യ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് ആ ദുരന്തം നടക്കുന്ന സമയത്ത് അദ്ദേഹം ഈ അരമനയിലെ അറപ്പുരയില്‍ പരിശുദ്ധ പോപ്പുമായി പാമ്പും കോണിയും കളിക്കുവായിരുന്നു എന്ന പരമ സത്യം വെളിപ്പെട്ടത് കൊണ്ടു മാത്രമാണ്.. അന്ന് ഈ തിരുമുറ്റത്ത് ചവിട്ടാന്‍ ആ മാഷിന് തോന്നിയില്ലായിരുന്നെങ്കില്‍ ഇന്ന് അങ്ങേര് ഏതെങ്കിലും ജയിലില്‍ കിടന്ന് ഗോതമ്പുണ്ട തിന്നേനെ. പാലായിലെ പുണ്യാത്മാവിനും ഇഹലോകപാപങ്ങളില് നിന്നും വിജിലന്‍സ് മോചനം കൊടുത്തത് പെരുന്ന സഭയോട് അദ്ദേഹം കാണിക്കുന്ന അകൈതവമായ ഭക്തി കൊണ്ട് മാത്രമാണ്.. സാത്താന്റെ പരീക്ഷണ സമയത്ത് സ്വന്തം സഭ പോലും കൈവിട്ടു എന്ന് തോന്നിച്ച പാലാ പുണ്യാളനെ പിന്താങ്ങാന് പെരുന്ന അരമനയും പോപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഓരോരുത്തര്‍ക്കും ഇവിടെ വരാനും പോപ്പിനെക്കണ്ട് വണങ്ങാനും കൈമുത്താനും ഒക്കെ ഒരു സമയവും കാലവും ദൈവവിളിയും ഒക്കെ ഉണ്ടാകണം..!!! അല്ലാതെ നായരാണ്, സൊസൈറ്റി അംഗമാണ് എന്നൊന്നും പറഞ്ഞ് ഇങ്ങോട്ട് വന്നു ചുമ്മാ പോപ്പിനെ കണ്ടേച്ച് പോകാം എന്ന് ഒരു നായര്‍ മോനും വിചാരിക്കണ്ടാ.. വേണമെങ്കില്‍ മന്നം സ്മൃതി മണ്ഡപത്തില്‍ ഒരു പുഷ്പാര്‍ച്ചന നടത്തിയിട്ട് പോയ്ക്കോളാന്‍ പോപ്പ് അനുവാദം തന്നതല്ലേ..? അതെങ്കിലും കിട്ടിയത് പുണ്യം എന്ന് വിചാരിച്ച് കാര്യം നടത്തി പോകേണ്ടതിന് പകരം നേരെ അരമനയിലേയ്ക്ക് കയറി വരുന്നോ..?അഹങ്കാരം…!!
സഭയുടെ 201516 ലെ ബജറ്റ് സമ്മേളനം നടക്കുന്ന അന്ത:പുരത്തിലേയ്ക്കാണ് കാവി നായര്‍ കടക്കാന്‍ ശ്രമിച്ചത്..!! അല്ലെങ്കിലും ഇപ്പോള്‍ ബജറ്റ് സമ്മേളനം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും ഒരു കൗതുകമാണ്..കഴിഞ്ഞ കേരള നിയമസഭാ സമ്മേളനത്തിന് ശേഷമാണ് ഈ കലാപരിപാടിയോടുള്ള ജനപ്രിയം വര്‍ദ്ധിച്ചത്.. അങ്ങനെ വല്ല തടയലോ കടിയോ കാണാന്‍ അവസരം കിട്ടുമോ എന്നോര്‍ത്താണോ സുരേഷ് ഗോപി അങ്ങോട്ട് ചെന്നത്..? ആര്‍ക്കറിയാം..?
ചില പോലീസ് സ്റ്റേഷന്റെ കാര്യം പറഞ്ഞത് പോലെയാണ് ഈ അരമനയുടെ കാര്യം . അതായത് കേറിയാലും കുറ്റം കേറിയില്ലേലും കുറ്റം..!! പണ്ട് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത സമയത്ത് വി.എം സുധീരന് ഇവിടെ വന്നു മന്നം സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങിയപ്പോള്‍ അരമന സന്ദര്‍ശിച്ച് തന്റെ അനുഗ്രഹം വാങ്ങിയില്ല എന്ന് പറഞ്ഞ് ഇതേ പോപ്പ് അന്നുണ്ടാക്കിയ കോലാഹലം നാട്ടുകാര്‍ മറന്നിട്ടുണ്ടാവില്ല..!! അന്ന് സുധീരന് കേറാത്തതായിരുന്നു കുറ്റം; ഇന്നിപ്പോ ദേ സുരേഷ് ഗോപി കേറിയത് കുറ്റം..!
നായന്മാരെ കാവിക്കൊടി പിടിപ്പിച്ച് വര്‍ഗ്ഗീയവാദികളാക്കാന്‍ കേരളത്തില്‍ ചില ഗൂഡാലോചന നടക്കുന്നതായി പോപ്പിന് വിവരം കിട്ടിയിട്ടുണ്ട്..! അതിനു വച്ച വെള്ളം അങ്ങോട്ട് വാങ്ങി അതില്‍ ഇത്തിരി കസ്തൂരി തൈലം ഇട്ട് ആ വെള്ളം കൊണ്ട് ഒരു കുളി അങ്ങോട്ട് പാസ്സാക്കിക്കോ..!! അല്ലാതെ ചങ്ങനാശ്ശേരി പെരുന്ന വഴി കേരളത്തില്‍ അക്കൗണ്ട് തുറക്കാം എന്ന് ആരും കരുതണ്ടാ…!! പണ്ട് വിശാല ഹിന്ദു ഐക്യം എന്ന് പറഞ്ഞ് മറ്റേ സമുദായം ഒന്ന് അടുത്തു നോക്കിയതാ.. പക്ഷേ പോപ്പ് ആരാ മോന്..? രണ്ടു നായന്മാരെപ്പോലും ഒരുമിച്ച് പോകാന്‍ സമ്മതിക്കില്ല..!! പിന്നെയല്ലേ വിശാല ഐക്യം..കലക്കി കയ്യില്‍ കൊടുത്തു..!! പിന്നെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് എന്ന് കേള്‍ക്കുമ്പോള്‍ പോലും അവര്‍ക്ക് പേടിയാണ്. അങ്ങനെയുള്ള പോപ്പിന്റെയടുത്താണ് ഈ കൊച്ചു കുര്‍ബാനയുമായി സുരേഷ്ഗോപി ചെല്ലുന്നത്..
സത്യത്തില്‍ തെറ്റു പറ്റിയത് സുരേഷ്ഗോപിയ്ക്ക് തന്നെയാണ്. മറ്റേ സമുദായത്തിന്റെ പ്രവര്‍ത്തന ശൈലിയും നേതൃത്വത്തോടുള്ള നിലപാടുകളും കണ്ടാണ് സുരേഷ് ഗോപി പെരുന്ന പോപ്പിനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ പോയത് എന്ന് തോന്നുന്നു. അവിടെയാണ് സുരേഷ് നായര്‍ക്ക് പണി പാളിയത്. മറ്റേ സമുദായത്തിന്റെ അണികള്‍ക്ക് പ്രസ്ഥാനത്തോടും നേതൃത്വത്തോടും ഉള്ള കാഴ്ചപ്പാടല്ല നായര്‍ കുഞ്ഞാടുകള്‍ക്ക് പോപ്പിനോട് ഉള്ളത് എന്ന് ഇനിയെങ്കിലും സുരേഷ്ഗോപി മനസ്സിലാക്കണം.. വെള്ളാപ്പള്ളി കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യാന്‍ പറഞ്ഞാല്‍ ഒരു 15 ശതമാനം സമുദായംഗങ്ങള്‍ ചിലപ്പോള്‍ കോണ്‍ഗ്രസ്സിനു വോട്ട് ചെയ്തേക്കും..അത്രയേയുള്ളൂ അവരുടെ അനുസരണ…!! പക്ഷെ പോപ്പിന്റെ സമുദായം അങ്ങനെയല്ല ട്ടോ. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു വോട്ട് ചെയ്യാന്‍ പെരുന്ന അരമനയില്‍ നിന്ന് ഇടയലേഖനം വന്നാല്‍ തീര്‍ന്നു കഥ…!! മരിക്കാന്‍ കിടക്കുന്ന വൃദ്ധനും പ്രസവിച്ച് ആശുപത്രിയില്‍ കിടക്കുന്ന പെണ്ണും വര്‍ഷങ്ങളായി നാട്ടില്‍ വരാത്ത പ്രവാസി നായരും എന്ന് വേണ്ട, ജീവന് അവശേഷിക്കുന്ന എല്ലാ സമുദായാംഗങ്ങളും വോട്ടെടുപ്പിന്റെ അന്ന് രാവിലെ പോളിംഗ് ബൂത്തില്‍ വന്നു വരിയായി നിന്ന് കൃത്യമായി സി.പി.എമ്മിനോ ബി.ജെ.പിയ്ക്കോ സ്വതന്ത്രനോ നോട്ടയ്ക്കോ ഒക്കെ കുത്തിയിട്ട് അന്തസ്സായി വീട്ടില്‍ പോവും…!! അതാണ് പോപ്പിന്റെ സ്വാധീനം..!! പോപ്പ് ഇപ്പോള്‍ പകലാണ് എന്ന് പറഞ്ഞാല്‍ സമുദായാംഗങ്ങള്‍ മൂടിപ്പുതച്ച് കിടന്ന് ഉറങ്ങും..!! പോപ്പ് വടക്കോട്ട് എന്ന് പറഞ്ഞാല്‍ അംഗങ്ങള്‍ തെക്കോട്ട് നടന്നു കഴിയും…!! ആ സ്ഥിതിയ്ക്ക് പോപ്പ് പറയും പോലെ എന്‍.എസ്.എസ് തിരുസഭയെ ഹൈജാക്ക് ചെയ്യുക എന്ന വല്ല ഉദ്ദേശവുമായാണ് പോപ്പിനെ കാണാന്‍ പോയത് എങ്കില്‍ ആ സമയവും ആരോഗ്യവും പാഴാക്കി എന്നേ പറയാനുള്ളൂ.. അതിനു പകരം ആ ഗേറ്റിനു മുന്നില്‍ ചെന്ന് നിന്ന് പോപ്പിനെയും സഭയെയും നല്ല വൃത്തവും ലക്ഷണവും ചേര്‍ത്ത് ഭരത്ചന്ദ്രന് സ്റ്റൈലില്‍ ഒന്ന് പുകഴ്ത്തിയിരുന്നെങ്കില് അത് കേട്ട സമുദായംഗങ്ങള്‍ എല്ലാം താമരയും പിടിച്ച് പുറകേ വന്നേനെ. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ സുരേഷ് ഗോപി നായരേ..? അടുത്ത തവണയെങ്കിലും ഇതൊക്കെ ഒന്ന് നോക്കിയിട്ട് വേണം പോപ്പിനെ കാണാന്‍ പോകാന്‍…!! പോപ്പ് പറഞ്ഞാല്‍ പറഞ്ഞതാ…!!
Discussion about this post