ക്രിമിനല്‍ കേസ് വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ പത്രങ്ങളിലും ടി.വികളിലും പരസ്യം ചെയ്യണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം അംഗീകരിച്ച് മൂന്ന് പേജ് പത്രപ്പരസ്യം നല്‍കി ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണന്‍.211 കേസുകളുടെ വിശദാംശങ്ങളാണ് ഡോ.കെഎസ് രാധാകൃഷ്ണന്‍ പ്രസിദ്ധീകരിച്ചത്. ശബരിമലയിലെ ആചാരലംഘനത്തിനെതിരായി വിശ്വാസികള്‍ നടത്തിയ ഹര്‍ത്താലില്‍ ഉള്‍പ്പടെയുള്ള കേസുകളാണ് ശബരിമല കര്‍മ്മ സമിതി നേതാവായ ഡോ.കെഎസ് രാധാകൃഷ്ണന്റെ പേരില്‍ പോലിസ് ചുമത്തിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
നേരിട്ട് ബന്ധമില്ലാത്ത സംഭവങ്ങളിലാണ് പോലിസ് കേസുകള്‍ ചുമത്തിയിരിക്കുന്നത്. ‘സേവന മേഖലയിലും പൊതു ജീവിതത്തിലും ഇത്രയും വര്‍ഷമായി ഒരു കേസ് പോലും തനിക്കെതിരെ ഉണ്ടായിട്ടില്ല. ശബരിമലയിലെ ആചാരലംഘനത്തിനെതിയാ സമരത്തിന്റെ പേരില്‍ 211 ക്രിമിനല്‍ കേസുകളാണ് തനിക്കെതിരെ സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. കേസുകളെ ഭയമില്ല, വിശ്വാസ സംരക്ഷണത്തിനായി തൂക്കിലേറാനും തയ്യാറാണെന്നും മുന്‍ വി.സിയും മുന്‍ പിഎസ്സി ചെയര്‍മാനുമായ ഡോ.കെ.എസ് രാധാകൃഷ്ണന്‍ പ്രതികരിച്ചു.
കൊച്ചി, വാളകം, കൊല്ലം, അഞ്ചല്‍, കുണ്ടറ,അടൂര്‍, ചെങ്ങന്നൂര്‍, വടക്കാഞ്ചേരി, മാറഞ്ചേരി, കായംകുളം ഹോസ്ദുര്‍ഗ്ഗ് തുടങ്ങി സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളിലാണ് കേസെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ സ്ഥാനാര്‍ഥികള്‍ മൂന്നുപത്രങ്ങളിലും ചാനലുകളിലും മൂന്നുതവണ പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം. വിശ്വാസികളെ വേട്ടയാടുന്നതിന് വേണ്ടി സര്‍ക്കാര്‍ കള്ളക്കേസുകള്‍ ചുമത്തിയെന്ന് ശബരിമല കര്‍മ്മ സമിതി ആരോപിച്ചിരുന്നു. ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍, പത്തനതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, ആറ്റിങ്ങള്‍ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ തുടങ്ങി ബിജെപി നേതാക്കള്‍ക്കെതിരെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ എടുത്തിരുന്നു. ഇവരും വിവിധ മാധ്യമങ്ങളില്‍ പരസ്യം നല്‍കും.
Discussion about this post