സംസ്ഥാനത്ത് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകളിൽ ആവേശത്തിലാണ് എല്ലാ മുന്നണികളും. സംസ്ഥാനത്ത് രണ്ട് കോടി 61 ലക്ഷം പേർക്കാണ് ഇക്കുറി വോട്ടവകാശമുളളത്. വോട്ടെടുപ്പിനായുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
വോട്ടർമാരിൽ ഒരു കോടി 26 ലക്ഷം പേർ പുരുഷമാരും ഒരു കോടി 34 ലക്ഷം പേർ സ്ത്രീകളും 174 പേർ ഭിന്നലിംഗക്കാരുമാണ്. ഇതില്‍ രണ്ട് ലക്ഷത്തി 88ആയിരം കന്നിവോട്ടർമാരാണ്. മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരും കൂടുതൽ പോളിംഗ് ബുത്തുകളും ഉള്ളത്. 24, 970 പോളിംഗ് ബൂത്തുകളിൽ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കൺട്രോൾ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണൽ കേന്ദ്രങ്ങളും സജ്ജീകരിക്കും.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിലെ ആവേശകരമായ ത്രികോണമത്സരം കേരളമാകെ ഉറ്റുനോക്കുന്നതായി മാറി. ബിജെപിയുടെ വോട്ടു വിഹിതം ഉയരുമെന്ന അഭിപ്രായ സർവേകളും രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലും രണ്ടു മുന്നണികൾക്കും നിർണായകമാകും.
അതേസമയം, മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത് കേരളം ഉൾപ്പെടെയുളള 15 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലാണ്. കേരളം, ഗുജറാത്ത് എന്നിവിടങ്ങളിലെ മുഴുവൻ മണ്ഡലങ്ങളിലും മറ്റന്നാൾ വോട്ടെടുപ്പ് നടക്കും. കേരളത്തിൽ 20 ഉം ഗുജറാത്തിൽ 26 ഉം മണ്ഡലങ്ങളുമാണുള്ളത്. ഗോവയിലെ 2 മണ്ഡലങ്ങളിലും ഇന്ന് പരസ്യപ്രചാരണം പൂർത്തിയാകും.
അസമിൽ നാല് മണ്ഡലങ്ങളും, ബീഹാർ, ബംഗാൾ എന്നിവിടങ്ങളിൽ 5 മണ്ഡലങ്ങളും ചൊവ്വാഴ്‍ച വിധിയെഴുതും. ഛത്തീസ്ഗഡിൽ ഏഴ് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. കർണാടകയിലും മഹാരാഷ്ട്രയിലും 14 മണ്ഡലങ്ങളിലാണ് പോളിംഗ്. ഉത്തർപ്രദേശിലെ 10 മണ്ഡലങ്ങളും ഒഡീഷയിലെ 6 മണ്ഡലങ്ങളും മറ്റന്നാൾ വിധിയെഴുതാനുണ്ട്.
Discussion about this post