ജവഹർലാൽ നെഹ്രു ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലിം ലീഗിന്റെ മുകളിൽ കയറി സവാരി നടത്താനാണ് കൊച്ചുമകൻ രാഹുൽ വയനാട്ടിലെത്തിയതെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാൻ. എന്തൊരവസ്ഥയാണിതെന്നും നിർമ്മല ചോദിച്ചു. അമേഠിയിൽ വികസനം നടത്താതെ പരാജയപ്പെട്ട ആളാണ് ജയിക്കാൻ വേണ്ടി വയനാട്ടിലേക്ക് വന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
അമേഠിയിൽ ഓർഡിനൻസ് ഫാക്ടറി തുടങ്ങിയെന്നാണ് രാഹുൽ അവകാശപ്പെടുന്നത്. എന്നാൽ ആ ഫാക്ടറിയിൽ വേണ്ട തൊഴിലൊന്നുമില്ലാതെ അവിടുത്തെ ജീവനക്കാർ സ്ഥലം മാറ്റം ആവശ്യപ്പെടുന്ന കാഴ്ച്ചയാണ് ഒരിക്കൽ എനിക്ക് കാണേണ്ടി വന്നത്. എന്നാൽ മോദി സർക്കാർ അവിടെ കലാഷ്നിക്കോവിന്റെ ഏറ്റവും ആധുനികമായ തോക്ക് നിർമ്മിക്കാൻ ഉള്ള കരാർ കൊണ്ടുവന്നു. മോദി സർക്കാരിന്റെ കാലത്താണ് ഫാക്ടറിയിൽ ജോലിയുണ്ടായത്. നിർമ്മല വ്യക്തമാക്കി.
ധർമ്മം സംരക്ഷിക്കാൻ നിലകൊള്ളുന്നതു കൊണ്ടാണ് ചില ദുഷ്ട ശക്തികൾ തുഷാർ വെള്ളാപ്പള്ളിയെ ആക്രമിക്കാൻ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. ഭാരത് ധർമ്മ ജന സേന ഭാരതീയർക്കു വേണ്ടിയുള്ളതാണ്. അവിടെ മറ്റ് വിവേചനങ്ങളില്ല.എന്നാൽ ചിലർക്ക് ധർമ്മം സംരക്ഷിക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി പ്രചാരണം നടത്താൻ ഇന്ന് രാവിലെ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ നിർമ്മല സീതാരാമൻ ഗാന്ധി ജംഗ്ഷനിലെ പൊതു പരിപാടിയിലും തുടർന്നുള്ള റോഡ് ഷോയിലും പങ്കെടുത്ത ശേഷമാണ് വയനാട്ടിൽ നിന്ന് മടങ്ങിയത്.
Discussion about this post