ഈസ്റ്റര്‍ ദിനത്തില്‍ ഇന്ത്യക്കാരടക്കം 290 പേരുടെ മരണത്തിനിടയാക്കിയ കൊളംബോ സ്‌ഫോടന പരമ്പക്ക് പിന്നില്‍ തീവ്രവാദ സംഘമായ തൗഹീദ് ജമാഅത്തെയാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കയില്‍ പ്രാദേശിക തലത്തില്‍ സംഘടനക്ക് സ്വാധീനമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കും.
ആക്രമണത്തിന്റെ ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 290 പേര്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 13 പേര്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് രഹസ്യമാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
500ലേറെപ്പേര്‍ക്കാണ് വിവിധ സ്ഫോടനങ്ങളില്‍ പരിക്കേറ്റത്. ഇവരില്‍ പലരുടെയും നില അതിഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു. ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി ആറ് സ്ഫോടനങ്ങളാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഏഴ് പേരാണ് ചാവേറായി പൊട്ടിത്തെറിച്ചത്. ഷാങ്ക്രി ലാ ഹോട്ടലിലെ സ്ഫോടനത്തിനായി രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്.
മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി ഉയര്‍ന്നതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍നിന്നുള്ള അഞ്ച് ജെഡിഎസ് നേതാക്കളെ കാണാതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും പറഞ്ഞു.
Discussion about this post