നിപ്പ വൈറസ് ബാധിച്ച് ആദ്യമായി മരണപ്പെട്ട സാബിത്തിന്റെ കൈയ്യില്‍ വവ്വാലിന്റെ രക്തം പറ്റിയിരുന്നെന്ന ദുരൂഹമായ വെളിപ്പെടുത്തലുമായി സാബിത്തിന്റെ സുഹൃത്ത് ബീരാന്‍കുട്ടി രംഗത്തെത്തി.
താന്‍ ബൈക്കില്‍ വരുമ്പോള്‍ ഒരു വവ്വാലിനെ ഇടിച്ചുവീഴ്ത്തിയതായും മുറിവുപറ്റിയ അതിനെ റോഡിനു നടുക്കുനിന്ന് റോഡരികിലേക്ക് എടുത്തുമാറ്റിയതായും സാബിത് പറഞ്ഞിരുന്നു എന്നാണ് ഇപ്പോള്‍ ബീരാന് കുട്ടി പറയുന്നത്. നിപ്പയുടെ തുടക്കത്തേപ്പറ്റി ഇത്രയും കോലാഹലങ്ങളുണ്ടായിട്ടും ഇപ്പോഴാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായതെന്നത് നിപ്പ പനിയുടെയും പകര്‍ച്ചവ്യാധിയുടേയും തുടക്കത്തെപ്പറ്റി വലിയ ദുരൂഹതയാണ് ഉണ്ടാക്കുന്നത്.
സാബിത്തുമായി ബൈക്കില്‍ പാലേരിയിലേക്ക് പോകുമ്പോഴാണ് ഒരു വവ്വാലിനെ ഇടിച്ചിരുന്നതായും അതിനെ റോഡിനു നടുക്കുനിന്ന് റോഡരികിലേക്ക് എടുത്തുമാറ്റിയതായും അതിനിടെ തന്റെ കൈയ്യില്‍ രക്തമായെന്നും സാബിത് പറഞ്ഞത് എന്നാണ് ഇപ്പോള്‍ ബീരാന്‍കുട്ടി പറയുന്നത്. എന്നാല്‍ ഇന്നുവരെ ഇത് സാബിത്തോ ബീരാന് കുട്ടിയോ ആരോഗ്യവകുപ്പ് അധികൃതരെ വിവരറിയിച്ചിരുന്നില്ലത്രേ.
എന്തുകൊണ്ടാണ് ഇതൊക്കെ ആരോഗ്യവകുപ്പിനെ ഇതുവരെ അറിയിയ്ക്കാത്തതെന്നോ ഇത്രയും കോലാഹലങ്ങള്‍ ഉണ്ടായിട്ടും ഇതൊന്നും ഇന്നുവരെ പറയാഞ്ഞതെന്താണെന്നോ വിവരമൊന്നുമില്ല. സാബിത്തിന്റെ കൈയ്യില്‍ വവ്വാലിന്റെ രക്തം പുരണ്ടിരുന്നു എന്നതുപോലെയുള്ള അതിപ്രധാനമായ വിവരം ഇതുവരെ ആരോഗ്യവകുപ്പ് അധികൃതര്‍ എന്തുകൊണ്ട് അന്വേഷിച്ച് കണ്ടുപിടിച്ചിരുന്നില്ല എന്നതും സംശയാസ്പദമാണ്.
നിപ്പയുടെ തുടക്കത്തെപ്പറ്റി ഇത്രയും സുപ്രധാനമായ ഒരു വിവരം കണ്ടുപിടിക്കാനായില്ല എന്നതും ഇത്രയും നാള് കഴിഞ്ഞ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്ത്തന്നെയുണ്ടായിരുന്ന ഒരാള്‍ ഇങ്ങനെ പറയുന്നതും ഇതിനുപിന്നില്‍ കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടോ എന്ന സംശയമാണുണ്ടാക്കുന്നത്.
Discussion about this post