കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്ത് സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് മമത സര്‍ക്കാരിന്റേതെന്നാണ് ആരോപണം.
അറസ്റ്റിനെതിരെ പ്രിയങ്ക ശര്‍മ്മ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമാ താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമതയുടെ മുഖം മോര്‍ഫ് ചെയ്ത് പ്രിയങ്ക ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷത്തിലാണ് മോര്‍ഫിംഗ് നടത്തിയത്.മുഖ്യമന്ത്രിയുടെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര നല്കിയ പരാതിയിലാണ് പൊലീസ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തത്. ഇത് ചോദ്യം ചെയ്താണ് പ്രിയങ്ക ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.
സംഭവത്തില്‍ ബിജെപി മമതയെ മാത്രമല്ല ബംഗാളിന്റെ സംസ്കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം മമത സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രിയങ്ക ശര്‍മ്മയുടെ അറസ്റ്റെന്ന് ബിജെപി പ്രതികരിച്ചു. ചെറിയ വിഷയങ്ങളില്‍ പോലും പ്രവര്‍ത്തകരെ മമത വേട്ടയാടുകയാണെന്ന് ബിജെപി ആരോപിക്കുന്നു.
Discussion about this post