തൃശ്ശൂർ : കേന്ദ്രസർക്കാർ അധികാരം ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി. ആദായ നികുതി വകുപ്പ് നടപടികൾ നിയമപരമായി നേരിടുമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞദിവസം ഒരു കോടി രൂപയുമായി ബാങ്കിൽ എത്തിയിരുന്നത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു.
പാർട്ടിക്കല്ല, ബാങ്കിനാണ് തെറ്റുപറ്റിയത്. ബാങ്ക് ഓഫ് ഇന്ത്യ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഈ തെറ്റ് സമ്മതിച്ച് ബാങ്ക് പാർട്ടിക്ക് കത്ത് നൽകിയിട്ടുണ്ട്. പാർട്ടിയുടേത് നിയമപരമായ ഇടപാട് മാത്രമാണ്. എന്നാൽ കേന്ദ്രം അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുകയാണ് എന്നും എം എം വർഗീസ് വിമർശിച്ചു.
നിയമാനുസൃതമായി നടത്തിയ ഇടപാടിലൂടെ പിൻവലിച്ച തുക ചെലവഴിക്കുന്നത് തടയാനുള്ള അധികാരം ആദായനികുതി വകുപ്പിന് ഇല്ല. വെറുതെ പുക മറ സൃഷ്ടിച്ചത് തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്. പണം പാർട്ടി ഓഫീസിൽ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്. തിരഞ്ഞെടുപ്പ് സമയമായിരുന്നതുകൊണ്ട് ആദായനികുതി വകുപ്പിന്റെ ഇടപെടൽ വിഷയം ആക്കിയില്ല. ബാങ്കിന്റെ വീഴ്ച മൂലമാണ് പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്ക് എത്തിയത് എന്നും സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് വ്യക്തമാക്കി.
Discussion about this post