ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലോക്‌സഭാ മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാകാതെ വന്നതോടെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ രക്ഷകന്റെ വേഷം അണിയാൻ രാഹുൽ ഗാന്ധി. ഇരു മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിക്കാനായി രാഹുൽ പാർട്ടി നേതൃത്വത്തിന് മുൻപിൽ ഉപാധി വച്ചതായാണ് റിപ്പോർട്ടുകൾ. ഉത്തരേന്ത്യയിൽ മത്സരിക്കുന്ന മണ്ഡലത്തിൽ വിജയിച്ചാലും വയനാട് ലോക്‌സഭാ മണ്ഡലം കൈവിടാനാവില്ലെന്നാണ് രാഹുൽ വച്ച ഉപാധി. രണ്ടാമത്തെ സീറ്റിൽ ജയിച്ചാലും വയനാട് ഉപേക്ഷിക്കില്ലെന്നും ഇതിന് സമ്മതമാണെങ്കിൽ അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കാമെന്നുമാണ് ഉപാധി വച്ചത്.
ഇതിനെ നൂറ്റാണ്ടിന്റെ മണ്ടത്തരമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത്തരമൊരു ഉപാധി രണ്ടാമത്തെ മണ്ഡലത്തിലെ വോട്ടർമാരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും വെറുതെ മത്സരിച്ച് മണ്ഡലത്തിൽ വിജയിച്ച് ഉപേക്ഷിക്കാനെന്ന് പ്രഖ്യാപിച്ചാൽ കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരു വോട്ട് പോലും ലഭിക്കില്ലെന്നും പരിഹാസങ്ങൾ ഉയരുന്നുണ്ട്.
നേരത്തെ നെഹ്രു കുടുംബം ഇരു മണ്ഡലങ്ങളെയും കൈവിട്ടാൽ ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ നില പരിതാപകരമാവുമെന്ന് അദ്ധ്യക്ഷൻ കുടുംബത്തെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധികാരപ്പെടുത്തിയതായി ജയറാം രമേശ് പറഞ്ഞതായി വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഈ റിപ്പോർട്ട്.
Discussion about this post