( [highlight] പെന്‍ഡ്രൈവ് [/highlight] )-നന്ദികേശന്
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജയിച്ചവനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് പണിയൊന്നും ഇല്ല..!! സത്യപ്രതിജ്ഞ ചെയ്യണം, ശിഷ്ടകാലം നിയമസഭയില്‍ ഇരുന്നോ, ഉറങ്ങിയോ ഒക്കെ കാലം കഴിക്കണം; അത്രയേയുള്ളൂ പണി. തോറ്റവന്റെ കാര്യമാണ് കഷ്ടം.! ആരോടൊക്കെ ഏതൊക്കെ ഭാഷയിലും സ്വരത്തിലും സമാധാനം പറയണം..? വീണതല്ല ഉരുളാന്‍ വേണ്ടി കിടന്നതാണ് എന്ന് സോദാഹരണം മാധ്യമങ്ങളെ ബോധ്യപ്പെടുത്തണം.. വോട്ടര്‍മാരേ, ശത്രുക്കളോടു പോലും ഈ ചെയ്ത്ത് ചെയ്യരുതേ…!
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇടതുസഖാക്കള്‍ നിരത്തിയ കണക്കും എഞ്ചുവടിയും വച്ച് നോക്കിയാല്‍ ഇതുവരെ ഫലം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുകള്‍ മുഴുവന്‍ പുന:പരിശോധിക്കേണ്ടി വരും എന്നു തോന്നുന്നു…! അതായത് 56448 വോട്ടു പിടിച്ചു എങ്കിലും ശബരീനാഥന് ജയിച്ചു എന്ന് പറയാന്‍ പറ്റില്ലത്രേ..!! കാരണം മൊത്തം 140000 വോട്ടുകളില്‍ ബാക്കി തൊണ്ണൂറായിരത്തോളം വോട്ടുകള്‍ പിടിക്കാന്‍ പറ്റാത്ത സ്ഥിതിയ്ക്ക് ഇതൊന്നും ഒരു ജയമായി കണക്കാക്കാന്‍ സാധിക്കില്ലത്രേ..?! എന്ത് ചെയ്യും.?!! തൊണ്ണൂറായിരം എതിര്വോട്ടു വീണ ശബരിയാണോ ഒരു ലക്ഷത്തോളം എതിര് വോട്ടു വീണ വിജയകുമാര്‍ ആണോ മിടുക്കന് എന്ന് തിരിച്ചു ചോദിക്കരുത്..!! കാരണം പാര്‍ട്ടി കണ്ടെത്തുന്ന കാര്യങ്ങളില്‍ മറുചോദ്യങ്ങള്‍ പാടില്ല…!!
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് സഖാക്കളില്‍ ഈ രോഗലക്ഷണം ആദ്യമായി കാണപ്പെട്ടത്. ആകെ 545 സീറ്റില്‍ 285 നേടിയെങ്കിലും രാജ്യം ഭരിക്കാനുള്ള അവകാശം മോഡിയ്ക്ക് കിട്ടിയിട്ടില്ല എന്നായിരുന്നു അന്നത്തെ വെളിപാട്..!! കാരണം 31% വോട്ടു മാത്രമാണ് ബി.ജെ.പിക്ക് കിട്ടിയത്; 69% ആളുകള്‍ ബി.ജെ.പിയ്ക്ക് എതിര്..!! അഖിലേന്ത്യാ തലത്തിലെ പാര്‍ട്ടിയുടെ ഒരു ശക്തി കാരണം അധികം ആരും ഈ രോഗം തിരിച്ചറിഞ്ഞില്ല..!! അറിഞ്ഞവര്‍ കണക്കിന് പരിഹസിച്ചതു കൊണ്ട് അധികം നാള് ഈ രോഗം നീണ്ടു നിന്നതുമില്ല..!! ഇപ്പോള്‍ അരുവിക്കരയില്‍ നിന്നനില്‍പ്പില്‍ മലര്‍ന്നടിച്ചു വീണതോടെ വീണ്ടും പഴയ രോഗം തലപൊക്കി എന്ന് വേണം കരുതാന്‍..!!
ഫലം അറിഞ്ഞു പത്രസമ്മേളനം നടത്തിയ കോടിയേരി സഖാവിന്റെ ഫസ്റ്റ് ഡയലോഗ് തന്നെ കിടിലന്‍ ആയിരുന്നു..!! ‘തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി അംഗീകരിക്കുന്നു..!! യു.ഡി.എഫ് പണം കൊടുത്ത് വോട്ടര്‍മാരെ വിലയ്ക്ക് വാങ്ങി..!!’ അപ്പൊ സഖാവ് എന്തോന്നാ സഖാവേ അംഗീകരിച്ചത്..?! വോട്ടര്‍മാരെ വിലയ്ക്ക് വാങ്ങിയുള്ള ജയമാണോ അംഗീകരിച്ചു കൊടുത്തത്..? റിസള്‍ട്ടിനു തലേദിവസം നടത്തിയ പത്രസമ്മേളനം ഇതിലും ഗംഭീരമായിരുന്നു…!! ഭരണവിരുദ്ധവികാരം ബി.ജെ.പി ഭിന്നിപ്പിച്ചു കളഞ്ഞു എന്നായിരുന്നു സഖാവിന്റെ കണ്ടുപിടുത്തം..!! അത് കേട്ടപ്പോള്‍ത്തന്നെ തലയ്ക്ക് വെളിവുള്ള അണികളൊക്കെ ആഘോഷിക്കാന്‍ മേടിച്ചു വച്ച പടക്കവും ലഡ്ഡുവും പകുതി കാശിനു വിറ്റ് അതും കൊണ്ട് ടൌണില്‍ സിനിമ കാണാന്‍ പോയി…!! മറ്റൊരു സഖാവ് കണ്ടെത്തിയ സത്യം, ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇടതുപക്ഷത്തിനു കിട്ടേണ്ട വോട്ടുകള്‍ തട്ടിയെടുത്ത് യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ വേണ്ടി ആയിരുന്നുവത്രെ..!! രാജഗോപാലിനെ നിറുത്തിയത് ഉമ്മന്‍ ചാണ്ടിയുമായി അഡ്ജസ്റ്റ് മെന്റ് നടത്തിയാണ് എന്നും അദ്ദേഹം സ്ഥാപിച്ചു കളഞ്ഞു..!! കുറ്റം പറയാന്‍ പറ്റില്ല; അതുമാതിരി പ്രഹരമാണ് ശിരസ്സിന്റെ മര്‍മഭാഗത്ത് ഏറ്റിരിക്കുന്നത് എന്ന് സഖാവിന്റെ മുഖഭാവത്തില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു..!! എന്തായാലും മേലില്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ലിസ്റ്റ് സഖാവിന്റെ പാര്‍ടി സംസ്ഥാനകമ്മറ്റിയെ ഏല്‍പ്പിച്ച് അനുവാദം വാങ്ങുന്നതായിരിക്കും ബി.ജെ.പിയ്ക്ക് നല്ലത്…!!
പിന്നെയുമുണ്ടായി കണ്ടുപിടുത്തങ്ങള്‍.. യു.ഡി.എഫ് ഭരണസംവിധാനം മൊത്തം ദുരുപയോഗിച്ച് അരുവിക്കരയില്‍ വോട്ടു വാങ്ങിയതിന്റെ തെളിവ് വരെ ചില സഖാക്കള്‍ കണ്ടെത്തിക്കഴിഞ്ഞു. വോട്ടെണ്ണിത്തുടങ്ങി ശബരീനാഥ് ലീഡ് നേടുന്നത് വരെയുള്ള ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ ഗവേഷണവും അന്വേഷണവും കണ്ടുപിടുത്തവും ഒക്കെ നടന്നത് എന്ന് മനസ്സിലാക്കണം..!! അതാണ് സഖാവിന്റെ കഴിവ്..!! എന്നാല്‍ ഈ കണ്ടുപിടുത്തം നേരത്തെ നടത്തി തെളിവ് സഹിതം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നേല്‍ ഈ കച്ചോടം തന്നെ അവര്‍ പൂട്ടിക്കെട്ടില്ലായിരുന്നോ എന്ന് ചോദിക്കരുത്.! കാരണം എങ്ങാനും വോട്ടിന്റെ എണ്ണം പിശകി നമ്മുടെ സ്ഥാനാര്‍ഥി ജയിച്ചാലോ എന്നൊരു പ്രതീക്ഷ രാവിലെ എട്ടുമണി വരെ ഉണ്ടായിരുന്നു..!! അതുകൊണ്ടാ ഗവേഷണഫലം പുറത്തുവിടാന്‍ വൈകിയത്..!!
കണ്ടുപിടുത്തങ്ങള്‍ വീണ്ടും ഉണ്ടാവുന്നുണ്ട്.! 2011 ലെ വോട്ട് വച്ച് നോക്കുമ്പോള്‍ യു.ഡി.എഫിന് മുന്നൂറു വോട്ടു കുറവ്; സഖാക്കള്ക്കാകട്ടെ നൂറ്റി ചില്വാനം വോട്ട് കൂടുതല്‍ കിട്ടിയിട്ടുമുണ്ട്..!! അപ്പോള്‍ സത്യത്തില്‍ ആരാ ജയിച്ചത് എന്നാണ് ഒരു നേതാവിന്റെ സംശയം..!! ആ സ്ഥിതിയ്ക്ക് 7000 ല്‍ നിന്നും 34000 ലേയ്ക്ക് എത്തിയ ബി.ജെ.പിയെപ്പറ്റി ചോദിച്ചപ്പോള്‍ അതിനും മറുപടി വന്നു..!! ബി.ജെ.പിയ്ക്ക് കിട്ടിയത് മുഴുവന്‍ വര്‍ഗ്ഗീയ പിന്തിരിപ്പന് ശക്തികളുടെ വോട്ട് ആയിരുന്നുവത്രേ.. അപ്പോള്‍ ഇത്രയും നാള് ഈ വര്‍ഗ്ഗീയ പിന്തിരിപ്പന് വോട്ടു മുഴുവന്‍ ഏതു പെട്ടിയിലാ സഖാവേ വീണത് എന്ന് ചോദിച്ചിട്ട് കാര്യമില്ല..!! കഥയില്‍ ചോദ്യമില്ല; പ്രത്യേകിച്ചും കഥയില്ലാത്തവരുടെ കഥയില്‍.
ആരും വിഷമിച്ചിട്ടോ പ്രതികരിച്ചിട്ടോ കാര്യമില്ല. ഈ രോഗവും ലക്ഷണങ്ങളും കുറച്ചു കാലം നീണ്ടു നില്ക്കും. അതുമാതിരി ആഘാതം ഏറ്റിട്ടുണ്ട്. വിശകലനം ചെയ്ത് ചെയ്ത് ഒടുവില്‍ ‘സത്യത്തില്‍ ഞങ്ങളാണ് ജയിച്ചത്’ എന്നുവരെയുള്ള സിദ്ധാന്തങ്ങള്‍ ഉണ്ടായേക്കാം.!
പ്രകോപിതരാകാതെ പരമാവധി സംയമനം പാലിക്കുക.. കാരണം രണ്ടു മൂന്ന് മാസത്തിനുള്ളില്‍ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുകള്‍ വരുന്നുണ്ട്..!! അന്നെയ്ക്ക് ദുര്‍ഗാഷ്ടമി..!! ഓംകാര നടമാടിടുവേന്..!!
Discussion about this post