പശ്ചിമ ബംഗാളിലെ പരസ്യ പ്രചാരണത്തിന്റെ സമയം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് 19 ന് തെരഞ്ഞടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണമാണ് ഒരു ദിവസം വെട്ടിക്കുറച്ചത്. മെയ് 17 വരെ നടക്കേണ്ടിയിരുന്ന പരസ്യ പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കണം. തുടര്‍ച്ചയായി നടക്കുന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണമായ നടപടി.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. 324 -ാം വകുപ്പ് പ്രകാരമാണ് പുതിയ ഉത്തരവ്. തെരഞ്ഞെടുപ്പ് ആരംഭിച്ചതു മുതല്‍ ബംഗാളില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു. ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ റാലിക്ക് നേരെയും അക്രമം നടന്നിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിത് ഷായുടെ വാഹനത്തിനു നേരെ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. അക്രമത്തില്‍ കോളേജിലുണ്ടായിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ന്നു.
Discussion about this post