ഡല്‍ഹി: ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയൊ യഥാര്‍ത്ഥമല്ലെന്ന് ചാനലിന്റെ വിശദീകരണം. ചാനല്‍ സര്‍വേ ഫലത്തെ കുറിച്ച് ചെയ്ത പ്രമോഷനല്‍ വിഡിയോയിലൂടെയാണ് ഫലം ചോര്‍ന്നതെന്നാണ് സംശയം. അതേസമയം ഡമ്മി ഡാറ്റ ഉപയോഗിച്ചുള്ള പ്രമോഷനല്‍ വിഡിയോ ആണ് പുറത്തുവിട്ടതെന്നാണ് ഇന്ത്യാ ടുഡേയുടെ വിശദീകരണം. ബി.ജെ.പിക്ക് 177ഉം യു.പി.എക്ക് 141 സീറ്റുമെന്നാണ് ചോര്‍ന്ന വിഡിയോയിലുള്ളത്. മറ്റുള്ളവര്‍ക്ക് 224 സീറ്റും ചേര്‍ത്തിട്ടുണ്ട്.
മേയ് 19ന് വോട്ടെടുപ്പ് കഴിഞ്ഞശേഷം മാത്രമേ എക്സിറ്റ് പോള്‍ സര്‍വേ ഫലം പുറത്തുവിടാവൂ എന്ന ചട്ടം നിലനില്‍ക്കെ ഇന്ത്യ ടുഡേയുടെ സര്‍വേ ഫലം പ്രചരിക്കുന്നത്. വോട്ടെടുപ്പ് പല മണ്ഡലങ്ങളിലും പൂര്‍ത്തിയായിട്ടില്ല എന്നിരിക്കെ സര്‍വ്വേ എങ്ങനെ പുറത്ത് വരുമെന്നാണ് ഉയരുന്ന ചോദ്യം.
എക്സിറ്റ് പോള്‍ ഫലം മേയ് 19ന് പുറത്തുവരുമെന്നാണ് ഇന്ത്യാ ടുഡേ നേരത്തേ അറിയിച്ചിരുന്നത്. ഡമ്മി ഡാറ്റയില്‍ ബിജെപിയ്ക്ക് തിരിച്ചടി എന്ന് കണ്ടെത്തിയ ചാനലിന്റെ മനസിലിരുപ്പ് പുറത്ത് വന്നു എന്ന രീതിയില്‍ വിശദീകരണത്തിന് പിന്നാലെ പരിഹാസവും ഉയരുന്നുണ്ട്. അല്പമെങ്കിലും വസ്തുതയ്ക്ക് നിരക്കുന്ന കണക്കുകള്‍ വച്ച് പോരേ പ്രമോഷണല്‍ വീഡിയൊ തയ്യാറാക്കുന്നത് എന്നും ചിലര്‍ ചോദിക്കുന്നു.
ബിജെപിയ്ക്കെതിരെ ഉപയോഗിക്കാന്‍ ചാനല്‍ നല്കുന്ന പ്രീ പോള്‍ സമ്മാനം എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post