കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഏത് വിധേനയും സര്‍ക്കാരിനെ നിലനിര്‍ത്തണമെന്ന ആശയവുമായി കോണ്‍ഗ്രസും, ജെഡിഎസും ചര്‍ച്ച നടത്തുന്നതിനിടെയാണ് ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയത്.
കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം സംസ്ഥാനത്തെ സര്‍ക്കാരിനോടുള്ള നിലപാടെന്താണെന്ന് തീരുമാനിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ കര്‍ണാടകമന്ത്രി സര്‍ക്കാര്‍ മാറുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് നിരവധി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നായിരുന്നു അവകാശവാദം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാന ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം. കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പുതിയ ഫോര്മുലയുള്പ്പടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കര്‍ണാടക ലോകസഭ തെരഞ്ഞെടുപ്പില്‍ സഖ്യം രണ്ട് സീറ്റില്‍ ഒതുങ്ങിയിരുന്നു. ഇതോടെ ഇനിയും ഇതേവിധത്തില്‍ മുന്നോട്ട് പോകാനാവില്ല എന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്. സഖ്യത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ചയില്ലായ്മയുമാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേരുന്നുമുണ്ട്. ഈ യോഗങ്ങളില്‍ ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാന്‍ ദളിത് വിഭാഗത്തില്‍ നിന്നള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് കര്‍ണാടക പിസിസി ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പുതിയ പോംവഴി. എന്നാല്‍ ഇത് ജെഡിഎസ് അംഗീകരിക്കുമോ എന്നതാണ് വിഷയം.
കോണ്‍ഗ്രസ് കാലുവാരിയതുകൊണ്ടാണ് ദേവഗൗഡ അടക്കം തോല്ക്കാന് കാരണമെന്ന് ജെഡിഎസ് കരുതുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ ജെഡിഎസ് തയ്യാറാകില്ല എന്നാണ് സൂചന. അങ്ങനെ എങ്കില്‍ അത് സഖ്യത്തില്‍ വിള്ളലുണ്ടാക്കും.
Discussion about this post