ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്ക്കുന്നതായി റിപ്പോര്‍ട്ട്.
പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും മറ്റൊരാളെ കണ്ടെത്തുവാനും തന്നെ സന്ദര്‍ശിച്ച അഹമ്മദ് പട്ടേലിനോടും കെ.സി വേണുഗോപാലിനോടും രാഹുല്‍ ആവശ്യപ്പെട്ടതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് പോകാതെ ഉചിതനായ മറ്റൊരാളെ ആ സ്ഥാനത്തേക്ക് കണ്ടെത്താനുള്ള സമയം പാര്‍ട്ടിയ്ക്ക് നല്‍കിയിരിക്കുകയാണ് രാഹുല്‍ എന്നാണു പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
രാഹുലിന്റെ തീരുമാനത്തെ ആദ്യം എതിര്‍ത്ത പ്രിയങ്കയും സോണിയയും ഇപ്പോള്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ എം.പിമാരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും മറ്റ് യോഗങ്ങളും രാഹുല്‍ റദ്ദു ചെയ്തു.
രാഹുലിന് പകരമായി പ്രിയങ്കയെ കൊണ്ട് വരുന്നതിനായി നിര്‍ദ്ദേശം വന്നെങ്കിലും രാഹുല്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. അദ്ധ്യക്ഷനായി കുടുംബത്തില്‍ നിന്നും തന്നെ ഒരാള്‍ വേണമെന്ന് നിര്‍ബന്ധമില്ല എന്ന് രാഹുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ രാഹുല്‍ രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എന്ന വാര്‍ത്തകള്‍ എ.ഐ.സി.സി നിഷേധിച്ചു. എന്തായാലും രാഹുല്‍ തനിക്ക് പകരം മറ്റൊരു അദ്ധ്യക്ഷനെ കണ്ടെത്തുന്നത് വരെ മാത്രമേ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുകയുള്ളൂ എന്നാണ് പാര്‍ട്ടിയുമായി അടുപ്പമുള്ളവര്‍ നല്കുന്ന സൂചന.
Discussion about this post