ഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട നാലുപാര്‍ട്ടികള്‍ ദേശീയപാര്‍ട്ടികള്‍ക്ക് വൈകാതെ പദവി നഷ്ടപ്പെടുമെന്ന് വിലയിരുത്തല്‍. സി.പി.ഐ., ബി.എസ്.പി., എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് തിരിച്ചടി അതേസമയം, നിലവിലെ വ്യവസ്ഥകളില്‍ സി.പി.എമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാവില്ല.ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പുകമ്മിഷന്റെ പരിശോധന നിര്‍ണായകമാവും.
നേരത്തേ ഓരോ തിരഞ്ഞെടുപ്പിലെയും പ്രകടനം വിലയിരുത്തിയായിരുന്നു ദേശീയപാര്‍ട്ടി പദവിയുടെ പുനര്‍നിര്‍ണയം. എന്നാല്‍, 2016-ല്‍ രണ്ടു തിരഞ്ഞെടുപ്പുകളുടെ കാലാവധി എന്ന് നിശ്ചയിച്ചിരുന്നു. ഒന്നുകില്‍ ഒരു പൊതുതിരഞ്ഞെടുപ്പോ ഒരു നിയമസഭാ തിരഞ്ഞെടുപ്പോ അല്ലെങ്കില്‍ രണ്ടു പൊതുതിരഞ്ഞെടുപ്പുകള്‍, അതുമല്ലെങ്കില്‍ രണ്ടു നിയമസഭാതിരഞ്ഞെടുപ്പുകള്‍ എന്നിവയിലെ പ്രകടനം വിലയിരുത്തുമെന്നായിരുന്നു തീരുമാനം. 2014-ലെ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രാദേശികപാര്ട്ടിക്കോ ദേശീയപാര്‍ട്ടിക്കോ ദേശീയപദവി നല്കിയിട്ടുണ്ടെങ്കില് ഇത്തവണ അവര്‍ പരിശോധനയ്ക്ക് ഹാജരാവേണ്ടതില്ലെന്ന് കമ്മിഷന് വൃത്തങ്ങള്‍ വ്യക്തമാക്കി.സി.പി.ഐ., എന്‍.സി.പി., ബി.എസ്.പി., ടി.എം.സി. എന്നീ പാര്‍ട്ടികള്‍ ഒരുതിരഞ്ഞെടുപ്പുകൂടി കഴിഞ്ഞാല്‍ കമ്മിഷനുമുമ്പാകെ ഹാജരായി പുനഃപരിശോധനയ്ക്ക് വിധേയമാവേണ്ടിവരും. ഈവര്‍ഷം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് എന്‍.സി.പി.യുടെ ഭാവി നിശ്ചയിക്കും. ബി.എസ്.പി.ക്ക് 2022-ലെ യു.പി. നിയമസഭാ തിരഞ്ഞെടുപ്പുഫലവും സി.പി.ഐ.യ്ക്കും തൃണമൂലിനും 2021-ലെ ബംഗാള്‍ തിരഞ്ഞെടുപ്പുഫലവും നിര്‍ണായകമാവും. അതേസമയം, 2016-ലെ വ്യവസ്ഥ മാറ്റാനാണ് തിരഞ്ഞെടുപ്പുകമ്മിഷന് നിശ്ചയിക്കുന്നതെങ്കില്‍ നാലുപാര്‍ട്ടികളുടെയും ദേശീയപദവി നഷ്ടമാവും.
പൊതുതിരഞ്ഞെടുപ്പിനുമുമ്പായി മാര്‍ച്ചില്‍ തിരഞ്ഞെടുപ്പുകമ്മിഷന് പുറത്തിറക്കിയ പട്ടികയനുസരിച്ച് ബി.ജെ.പി., കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി., ബി.എസ്.പി. എന്നിവയാണ് ദേശീയപാര്‍ട്ടികള്‍.
Discussion about this post