ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലീസ് അത് തകര്‍ക്കുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. മണ്ഡലകാലത്ത് ശബരിമലയില്‍ വെച്ച് ഭക്തരെ മര്‍ദ്ദിക്കുകയും പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ തകര്‍ക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
പോലീസിനെ ശബരിമലയില്‍ നിയോഗിക്കുന്നത് തീര്‍ഥാടകരെ സഹായിക്കാന്‍ ആണെന്നും സന്നിധാനത്ത് സുസ്ത്യാര്ഹമായ സേവനമാണ് അവര്‍ നിര്‍വഹിക്കുന്നതെന്നും ഏതാനും ചിലരുടെ നടപടികള്‍ പോലീസ് സേനയ്ക്ക് തന്നെ ചീത്തപ്പേര് ആണെന്നും കോടതി ചൂണ്ടിക്കാട്ടി.
അക്രമം നടത്തിയ എട്ട് പോലീസുകാരെ തിരിച്ചറിഞ്ഞു എന്നും അവര്‍ക്കെതിരെ നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു . പോലീസുകാരുടെ നടപടി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി . ഏതൊക്കെ പോലീസുകാരാണ് അതിക്രമം നടത്തിയതെന്നും എന്താണ് അവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്നും വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്കി. പ്രശ്നമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ അലംഭാവം പാടില്ലെന്നും ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധമുയര്‍ന്നപ്പോള്‍ പോലീസ് ഭക്തരെയും പ്രതിഷേധക്കാരെയും അടിച്ചോടിപ്പിക്കുന്നതും ബൈക്കുകളുടെ ഹെഡ്ലൈറ്റുകള് , കണ്ണാടി എന്നിവ തല്ലിപൊട്ടിക്കുന്നതും ബൈക്കുകള്‍ തള്ളിയിടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
Discussion about this post