പശ്ചിമ ബംഗാളിന്റെ ആരോഗ്യമേഖലയെ തന്നെ പിടിച്ചുലച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ആറാം ദിവസം ശക്തമായി മുന്നോട്ടു പോകുന്നതിനിടയില്‍ സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാം എന്നും സമരം അവസാനിപ്പിക്കണം എന്നുമാണ് മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതേസമയം ആരോഗ്യമേഖല തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
യുവഡോക്ടര്‍മാര്‍ക്ക് മര്‍ദ്ധനമേറ്റത് ദൗര്‍ഭാഗ്യകരമാണ്. ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കാത്ത് കിടക്കുകയാണ്. അവരുടെ ജീവനെങ്കിലും ഓര്‍ത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജോലിയിലേക്ക് മടങ്ങണം.അവരുടെ ആവശ്യങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ അംഗീകരിച്ചു. മന്ത്രിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമടക്കം ഒരു സമിതിയെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നതിനായി നിയോഗിച്ചിരുന്നു. എന്നാല്‍ അവര്‍ വന്നില്ല . ഭരണഘടനാസ്ഥാപനം എന്ന് കണക്കാക്കിയുള്ള ബഹുമാനം ഡോക്ടര്‍മാര്‍ സര്‍ക്കാരിന് തരണം – മമത പറഞ്ഞു.
ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഇത് രാജ്യവ്യാപക പ്രതിഷേധമായി തീരുകയായിരുന്നു. ആദ്യഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന് എതിരെ കളിക്കുകയാണ് എന്ന വാദം മമത ഉയര്‍ത്തിയെങ്കിലും ആ വാദത്തില്‍ നിന്നും മമത പിന്മാറുകയാണ് ഇതിലൂടെ. പരിക്കേറ്റ ജൂനിയര്‍ ഡോക്ടര്‍മാരുടെ ചികത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മമത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് ഡോക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് നിവേദനം നല്കി. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വച്ച്പൊറുപ്പിക്കരുതെന്ന് കേന്ദ്രാരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്കി.
Discussion about this post