കാര്‍ട്ടൂണ്‍ പുരസ്കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലനെയും , സര്‍ക്കാരിനെയും തള്ളി ലളിതകലാ അക്കാദമി. ജൂറിയുടെ തീരുമാനം അന്തിമം ആണെന്നും ഏകകണ്ഠമായ തീരുമാനം ആണെന്നും അക്കാദമി വ്യക്തമാക്കി. ഭരണഘടനാപരമായോ , മതപരമായോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ നിയമസഹായം തേടാനും തൃശ്ശൂരില്‍ ചേര്‍ന്ന ലളിതകലാ അക്കാദമി ഭരണസമിതി യോഗം തീരുമാനിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അക്കാദമി നിലകൊള്ളുന്നത്. അതിന് വ്യത്യസ്തമായി ഭരണഘടനാപരമായി ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും അക്കാദമി ചെയര്‍മാന്‍ പുഷ്പരാജ് വ്യക്തമാക്കി .
ലൈംഗീക പീഡന കേസിലകപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി വരച്ച കാര്‍ട്ടൂണ്‍ പ്രമേയമാണ് വിവാദമായത് . മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്കാരങ്ങള്‍ പുന:പരിശോധിക്കണം എന്നുമായിരുന്നു മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നത് .
കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്ത കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്നും ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുകയെന്ന ലക്ഷ്യമാണിതിനു പിന്നിലെന്നും കെസിബിസി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post