യുവതിയുടെ പീഡന പരാതിയിൽ അറസ്റ്റ് തടയാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്നില്ല. ജഡ്ജി അവധിയായതിനാലാണ് കേസ് മാറ്റിവെച്ചത്. ജാമ്യാപേക്ഷയില്‍ ഈ മാസം 27 ന് ഉത്തരവെന്ന് മുംബൈ സെഷന്‍സ് കോടതി അറിയിച്ചു. ജഡ്ജ് എം എച്ച് ഷെയ്ക്കാണ് കേസ് പരിഗണിച്ചിരുന്നത്.
മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വരുന്നത് വരെ ലുക്കൗട്ട് നോട്ടീസ് തുടങ്ങിയ നടപടികള്‍ സ്വീകരിക്കേണ്ടെന്നായിരുന്നു മുംബൈ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നത്.. അതേസമയം, ബിനോയ് കോടിയേരിക്കെതിരെയുള്ള തെളിവുകള്‍ ശക്തമാവുകയാണ്. പരാതിക്കാരിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്‍റെ പേരിന്‍റെ സ്ഥാനത്തും യുവതിയുടെ കുഞ്ഞിന്‍റെ ജനനസര്‍ട്ടിഫിക്കറ്റിലും അച്ഛന്‍റെ സ്ഥാനത്തും ബിനോയ് കോടിയേരിയുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നല്കിയ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു പേരുള്ളത്. 2010 ജൂലായ് 22-നാണു യുവതി ആണ്‍കുട്ടിക്കു ജന്മം നല്‍കുന്നത്. ആ സമയത്ത് അന്ധേരി വെസ്റ്റിലെ സ്വാതി അപ്പാര്‍ട്ട്‌മെന്റിലെ ഫ്ളാറ്റ് നമ്പര്‍ 401-ലാണ് താമസിച്ചിരുന്നത്. ബിനോയിയുടെ സ്ഥിരം വിലാസവും ഇതുതന്നെയാണ് നല്‍കിയിട്ടുള്ളത്. 2010 നവംബര്‍ ഏഴിനാണു ജനനസര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.
യുവതിയുടെ പാസ്പോര്‍ട്ടിലും ഐ.സി.ഐ.സി. ബാങ്കിലെ അക്കൗണ്ട് രേഖകളിലും ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. മുംബൈയിലെ മലാഡില്‍നിന്നാണ് പാസ്പോര്‍ട്ട് എടുത്തിരിക്കുന്നത്. 2014-ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ സ്ഥാനത്തു ബിനോയിയുടെ പേരുള്ളത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരു ചേര്‍ക്കാനാവുകയുള്ളൂ.
Discussion about this post