തൃശ്ശൂർ ജില്ലാകളക്ടർ ടി.അനുപമ ഇനി മുസോറയിലേക്ക്. തൃശ്ശൂരിന്റെ പുതിയ കളക്ടറായി സി.ഷാനവാസിനെ നിയമിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രി സഭ യോഗത്തിൽ തീരുമാനമായി. ടി.വി.അനുപമ അവധിയ്ക്ക് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് ഷാനവാസിനെ നിയമിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ ജനപ്രീതി നേടിയ കളക്ടറായി അനുപമ മാറിയിരുന്നു. മുഖം നോക്കാതെ നടപടി എടുത്ത ഉദ്യോഗസ്ഥയായിരുന്നു അവർ. ആലപ്പുഴയിൽ ഇരുന്നപ്പോൾ മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ് അനുപമ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ തൃശ്ശൂരിലേക്ക് മാറ്റിയെങ്കിലും അവിടെയും ജനങ്ങളുടെ പ്രിയപ്പെട്ട കളക്ടറായി അവർ മാറി.
പ്രളയം വന്നപ്പോൾ ജനങ്ങൾക്കൊപ്പം ഇറങ്ങി പ്രവർത്തിച്ചു. തൃശ്ശൂർ പൂരത്തിൽ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നളളിക്കുന്നതുമായി ബന്ധപ്പെട്ട എടുത്ത നിലപാടുകളും ചർച്ചയായിരുന്നു. നവോത്ഥാന സമിതി സംഘടിപ്പിച്ച വനിതാ മതിലിലും അനുപമ പങ്കെടുത്തിരുന്നു.സ്ഥാനമൊഴിഞ്ഞ ശേഷം തുടർ പരിശീലനത്തിനായി അനുപമ മുസോറയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.
Discussion about this post