ഡൽഹി: ഡൽഹി ചൗരി ബസാറിലെ ക്ഷേത്രം തകർത്തവർ ഹിന്ദുക്കളെ നാട് കടത്താൻ ശ്രമിക്കുകയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹോസ് ക്വാസി മേഖലയിലെ ക്ഷേത്രം തകർത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡൽഹി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടതായും വി എച്ച് പി പ്രതിനിധി സംഘം അറിയിച്ചു.
സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും വി എച്ച് പി നേതാവ് അലോക് കുമാർ അറിയിച്ചു.
കലാപത്തെ അധികാരികൾ നിസ്സാരവത്കരിക്കുകയാണെന്നും വർഗ്ഗീയ സംഘർഷം സൃഷ്ടിക്കാനുള്ള തത്പര കക്ഷികളുടെ ശ്രമത്തെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ഭൂരിപക്ഷമുള്ള മേഖലയിൽ വ്യവസായികളിൽ അധികം പേരും ഹിന്ദുക്കളാണ്. കലാപത്തിലൂടെ ഹിന്ദുക്കളുടെ ഉന്മൂലനമാണ് വർഗ്ഗീയവാദികൾ ലക്ഷ്യമിടുന്നതെന്നും അത് നടക്കാൻ പോകുന്നില്ലെന്നും കുമാർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിലുണ്ടെന്നും അത് പരിശോധിച്ച് പ്രതികളെ പിടികൂടാൻ ഇനിയും അമാന്തം പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ഒരു ക്ഷേത്രത്തിന്റെ തകർച്ചയിലേക്ക് വരെ എത്തിയത് അതീവ ഗുരുതരമായ സാഹചര്യമായാണ് വിശ്വ ഹിന്ദു പരിഷത്ത് നോക്കിക്കാണുന്നത്.
കേന്ദ്ര മന്ത്രിയും ചാന്ദ്നി ചൗക് എം പിയുമായ ഡോക്ടർ ഹർഷ വർദ്ധൻ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സമാധാനവും സാമുദായിക സൗഹാർദവും കാത്ത് സൂക്ഷിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
‘ഇത് തികച്ചും ദൗർഭാഗ്യകരവും വേദനാജനകവുമാണ്. ക്ഷേത്രം തകർത്തത് മാപ്പർഹിക്കാത്ത കുറ്റമാണ്. പൊലീസ് യുക്തമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി കഴിഞ്ഞു. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരും. ജനങ്ങളോട് സമാധാനം പാലിക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്.’ ഡോ. ഹർഷവർദ്ധൻ പറഞ്ഞു.
Discussion about this post