ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് (ബി.പി.എസ്.എല്‍) 3,800 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. ഇക്കാര്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിഎന്‍ബി റിപ്പോര്‍ട്ട് ചെയ്തു.
അക്കൗണ്ടുകളില്‍ കൃത്രിമം നടത്തിയും ഫണ്ട് വകമാറ്റിയുമാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. ഫോറന്‍സിക് ഓഡിറ്റ് അന്വേഷണത്തിലൂടെയും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലൂടെയുമാണ് തട്ടിപ്പ് കണ്ടെത്തിയതെന്നാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് പിഎന്‍ബി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് 1932.47 കോടി രൂപയാണ് ബാങ്ക് കമ്പനിക്ക് വായ്പ അനുവദിച്ചിട്ടുള്ളത്. ദുബായ്, ഹോങ്കോങ് ബ്രാഞ്ചുകളില്‍ നിന്നും ഭൂഷണ്‍ സ്റ്റീല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പറയുന്നത്.
രാജ്യത്തെ കടക്കെണിയില്‍പ്പെട്ട കമ്പനികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പാസ്സാക്കിയ പാപ്പരത്ത നിയമത്തിനു കീഴില്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്ന 12 കമ്പനികളില്‍ ഒന്നാംസ്ഥാനത്താണിത്
നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി വജ്ര വ്യാപാരി നീരവ് മോദി വിദേശത്തേക്ക് കടന്നിരുന്നു.
Discussion about this post