ബംഗലൂരു: കർണ്ണാടകയിലെ രാഷ്ട്രീയ അസ്ഥിരതയിൽ ബിജെപിക്ക് പങ്കില്ലെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. കർണ്ണാടകയിലെ രാജി പരമ്പരകൾക്ക് കാരണം ബിജെപിയാണെന്ന ആരോപണങ്ങൾക്ക് പാർലമെന്റിൽ മറുപടി പറയുകയായിരുന്നു. അദ്ദേഹം.
കുതിരക്കച്ചവടം ബിജെപിയുടെ പാരമ്പര്യമല്ലെന്നും കോൺഗ്രസ്സിൽ രാജ്യവ്യാപകമായി രാജി പരമ്പരകൾക്ക് തുടക്കമിട്ടത് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ആരോപണങ്ങൾക്ക് സഭയിൽ മറുപടി പറയുകയായിരുന്നു രാജ്നാഥ് സിംഗ്.
അതേസമയം കർണ്ണാടകയിൽ ഭരണ പ്രതിസന്ധി തുടരുകയാണ്. ഇതിനോടകം 21 കോൺഗ്രസ്സ് മന്ത്രിമാർ രാജി സമർപ്പിച്ചു കഴിഞ്ഞു. രാജിക്കാര്യം കർണ്ണാടകയിലെ കോൺഗ്രസ്സ് നിയമസഭകക്ഷി നേതാവ് സിദ്ധരാമയ്യ സ്ഥിരീകരിച്ചു.
പതിമൂന്ന് എം എൽ എമാർ രാജിവെച്ചപ്പോൾ തന്നെ കർണ്ണാടകയിലെ കോൺഗ്രസ്സ്- ജെഡിഎസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ 104 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്ക് ഉള്ളത്.
നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു അംഗം ഉൾപ്പെടെ കർണ്ണാടക നിയമസഭയിൽ ആകെ 225 അംഗങ്ങളാണ് ഉള്ളത്. രാജിവെച്ചവർ അടക്കം സഖ്യസർക്കാരിന് 118 അംഗങ്ങളാണ് ഉള്ളത്. നിലവിലെ കർണ്ണാടക സർക്കാരിൽ സ്പീക്കറെ കൂടാതെ 78 കോൺഗ്രസ്സ് അംഗങ്ങളും 37 ജെഡിഎസ് അംഗങ്ങളും ബിഎസ്പിയിൽ നിന്നും കെപിജെപിയിൽ നിന്നും ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉള്ളത്.
എന്നാൽ സ്വതന്ത്രനായ നാഗേഷ് നിലവിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ബിജെപിയുടെ അംഗസംഖ്യ 106 ആയിട്ടുണ്ട്.
Discussion about this post