കാശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചകള്‍ എപ്പോള്‍ നടത്തണമെന്ന് ഹുറിയത് തീരുമാനിക്കേണ്ടെന്നും സമയമാകുമ്പോള്‍ കേന്ദ്രഗവണ്മെന്റ് പറയുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അവരുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് കേന്ദ്രഗവണ്മെന്റിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പരാമര്‍ശത്തോട് പ്രതികരിയ്ക്കുകയായിരുന്നു രാം മാധവ്.കേന്ദ്രവുമായി ചര്‍ച്ചകള്‍ നടത്താമെന്ന് പറയാന്‍ ഹുറിയത് ആയിട്ടില്ലെന്നും ചര്‍ച്ചയ്ക്ക് സമയമായെന്ന് തോന്നുമ്പോള്‍ കേന്ദ്രം അറിയിക്കുമെന്നും രാം മാധവ് പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരേ നില്ക്കുന്ന ഭീകരവാദികളേയും വിഘടനവാദികളേയുമൊന്നും പരിഗണിയ്ക്കേണ്ട കാര്യവുമില്ലെന്നാണ് ബിജെപിയുടെ നയം. ആര്‍ട്ടിക്കിള്‍ 35A യും ആര്‍ട്ടിക്കിള്‍ 370ഉം പിന്‍വലിയ്ക്കണമെന്നാണ് പാര്‍ട്ടിയുടെ ആദര്‍ശമെന്നും രാം മാധവ് അറിയിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമായുമുള്ള തടസ്സങ്ങള്‍ ആ വകുപ്പുകള്‍ പിന്വലിയ്ക്കുന്നതിലുണ്ട് എന്നതുകൊണ്ടാണ് കാലതാമസം ഉണ്ടാകുന്നതെന്നും രാംമാധവ് പറഞ്ഞു.
കാശ്മീരില്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വസ്തുവകകള്‍ വാങ്ങാനാവില്ലെന്നും കാശ്മീരികള്‍ക്ക് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്നതുമായ 35A വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലാണ്. കോടതി അതില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.
.
രണ്ട് വര്‍ഷം മുന്‍പ് റിട്ടയേഡ് ഐ ബി മേധാവിയായിരുന്ന ദിനേശ്വര്‍ ശര്‍മ്മ കാശ്മീരില്‍ കേന്ദ്രത്തിന്റെ പ്രത്യേക പ്രതിനിധിയായെത്തിയപ്പോള്‍ കാശ്മീരിലെ എല്ലാ നേതാക്കളേയും ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതാണ്. അന്ന് ഹുറിയത് ചര്ച്ചകള്ക്കെത്തിയില്ല. ഇനി എന്ന് ചര്‍ച്ചകള്‍ വേണമെന്നുണ്ടെങ്കില്‍ എപ്പോള്‍ വേണമെന്ന് കേന്ദ്രം തീരുമാനിച്ചോളും, രാം മാധവ് പറഞ്ഞു.
ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍ അമര്‍നാഥ് യാത്രികര്‍ക്ക് വേണ്ടി കാശ്മീരി യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് അവശ്യം വേണ്ട കാര്യമായിരുന്നു എന്ന് രാം മാധവ് പറഞ്ഞു. ഒമര്‍ അബ്ദുള്ള അതിനെ കഴിവില്ലായ്മയെന്നാണ് വിളിച്ചതെന്ന് പത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒമര്‍ അബ്ദുള്ളയുടെയും അദ്ദേഹത്തിന്റെ അച്ഛന് ഫറൂഖ് അബ്ദുള്ളയുടെയും കാലത്ത് നടന്ന പല കഴിവില്ലായ്മകളുടെയും ഫലമാണ് ഇക്കാണുന്ന പ്രശ്നങ്ങളെല്ലാം എന്നാണ് ബിജെപി ദേശീയസെക്രട്ടറി മറുപടി പറഞ്ഞത്.
Discussion about this post