ഡൽഹി: മതിയായ വാർഷിക സാമ്പത്തിക രേഖകൾ സമർപ്പിക്കാത്തതിന് ജവഹർലാൽ നെഹ്രു സർവ്വകലാശാലയടക്കം രാജ്യത്തെ 100 സ്ഥാപനങ്ങളുടെ എഫ് സി ആർ എ രജിസ്റ്റ്രേഷൻ കേന്ദ്ര ധനകാര്യ മന്ത്രാലയം റദ്ദാക്കി. ഇതോടെ ഈ സ്ഥാപനങ്ങൾക്ക് ഇനി വിദേശ ഫണ്ട് സ്വീകരിക്കാൻ കഴിയില്ല. ജെ എൻ യുവിന് പുറമെ ഡൽഹി സർവ്വകലാശാല, ഐ ഐ ടി ഡൽഹി, സുപ്രീം കോടതി ബാർ അസോസ്സിയേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെയും വിദേശ സാമ്പത്തിക ഇടപാടുകൾക്ക് പൂട്ട് വീഴും.
കഴിഞ്ഞ അഞ്ച് വർഷമായി ഈ സ്ഥാപനങ്ങൾ വാർഷിക സാമ്പത്തിക രേഖകൾ സർക്കാരിന് സമർപ്പിച്ചിരുന്നില്ല. അതിനാലാണ് വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം നടപടിയെടുത്തതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രേഖകൾ സമർപ്പിക്കുന്നതിന് ഇത്തരം സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ കഴിഞ്ഞ മേയ് മാസത്തിൽ അവസരം നൽകിയിരുന്നു. അതിന് ശേഷവും എസ് എം എസ്സ് വഴിയും മെയിലുകൾ വഴിയും മറുപടി നൽകാൻ അവയ്ക്ക് ജൂലൈ 23 വരെ സമയം നൽകിയിരുന്നു. അതിനും മറുപടി നൽകാത്തതിനെ ബോധപൂർവ്വമുള്ള ലംഘനമായി കണക്കാക്കിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വെബ്സൈറ്റിൽ മതിയായ രേഖകൾ സമർപ്പിച്ച് സൂക്ഷ്മ പരിശോധനക്ക് വിധേയമാകാൻ തയ്യാറാണെങ്കിൽ ഈ സ്ഥാപനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ നൽകാൻ തടസ്സങ്ങളുണ്ടാകില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post