ന്യൂയോർക്ക്: ആഗോള ദാരിദ്ര്യനിർമ്മാർജ്ജന നിരക്കിൽ ലോകത്തെ ഏറ്റവും സക്രിയമായ രാജ്യമാണ് ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സഭ. ഇന്ത്യയുടെ ഈ നേട്ടത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും ഐക്യരഷ്ട്രസഭ വ്യക്തമാക്കി.
‘കണക്കിലും എണ്ണത്തിലും ബഹുമുഖ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ഇന്ത്യയുടെ പ്രകടനം അതുല്യമാണ്. ഏറ്റവും പാവപ്പെട്ടവർ, കുഞ്ഞുങ്ങൾ, ഗ്രാമീണർ എന്നിവർ ഇന്ത്യയിൽ അതിവേഗം ദാരിദ്ര്യമുക്തരായിക്കൊണ്ടിരിക്കുന്നു.’ 2019ലെ ദാരിദ്ര്യനിർമ്മാർജ്ജന സൂചികയിൽ ഐക്യരാഷ്ട്ര സഭ പരാമർശിക്കുന്നു.
വരുമാനത്തോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നിവയും പർഗണിച്ചാണ് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
പോഷകാഹാരം ലഭ്യമാക്കൽ, ശുചിത്വം, പാചകവാതക ലഭ്യത എന്നിവയുടെ കാര്യത്തിൽ അഭൂതപൂർവ്വമായ വളർച്ചയാണ് ഇന്ത്യ കൈവരിച്ചു കൊണ്ടിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കുന്നു.
101 അംഗരാജ്യങ്ങളിലെ 5.7 ബില്ല്യൺ ആളുകളെ നിരീക്ഷിച്ചതിന് ശേഷമാണ് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ദാരിദ്ര്യമാണ് ഏറ്റവും സങ്കീർണ്ണമായ രാഷ്ട്രീയ പ്രഹേളികയെന്ന് നിരീക്ഷിച്ച ഐക്യരാഷ്ട്ര സംഘടന, അതിനെ അതിജീവിക്കുന്നതാണ് ഏറ്റവും മഹത്തരമായ വിപ്ലവമെന്നും അഭിപ്രായപ്പെട്ടു.
Discussion about this post