മനുഷ്യത്വത്തിന്റെ പുതിയ ചരിത്രം ഇവിടെ എഴുതപ്പെടുകയാണ്. സംഘർഷഭരിതമായ അതിർത്തിയിൽ നിന്നും ആ മനുഷ്യ ത്വം കാണിച്ചത് തന്നത് ഇന്ത്യൻ സൈന്യമാണ്. പാക്കിസ്ഥാനിലെ ഗ്രാമത്തിൽ നിന്നും ഏഴുവയസ്സുകാരന്റെ നദിയിലൂടെ ഒഴുകി വന്ന മൃതദേഹം ഇന്ത്യൻ സൈന്യം പാക്കിസ്ഥാന് കൈമാറി.
മൈൻ ഭീഷണി പോലും വകവയ്ക്കാതെയാണ് ഇന്ത്യ ഈ ദൗത്യം ഏറ്റെടുത്തത്.സുരക്ഷ പ്രശ്‌നങ്ങൾ പോലും ഈ ഘട്ടത്തിൽ ഇന്ത്യ മറന്നു.മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് പാക്ക് ബാലൻ ആബിദ് ഷെയ്ക്കിന്റെ മൃതദേഹം പാക്കിസ്ഥാൻ നദിയിൽ നിന്നും അതിർത്തി കടന്ന് നിയന്ത്രണ രേഖയ്ക്കടുത്തെത്തിയത്.ഗുർസ് താഴ് വരയിലെ അച്ചൂർ ഗ്രാമത്തിലുളളവരാണ് അതിർത്തി കടന്ന് മൃതദേഹം എത്തിയത് ആദ്യം കണ്ടത്. ബന്ദിപ്പോര ഡെപ്യൂട്ടി കമ്മീഷണർ ഷബാസ് മിശ്ര ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെടുകയും മൃതദേഹം നദിയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. അച്ചൂരിൽ മൃതദേഹം സൂക്ഷിക്കാൻ മോർച്ചറി സൗകര്യം ഇല്ലാത്തതിനാൽ മഞ്ഞുമലകളിൽ നിന്നും എടുത്ത ഐസ് പാളികൾ ഉപയോഗിച്ച് മൃതദേഹം സൂക്ഷിക്കുകയായിരുന്നു.
പാക്ക് അധീന കാശ്മീരിലെ മിനിമാർഗ് അസ്തൂർ സ്വദേശിയാണ് ഏഴ് വയസുകാരനായ ആബിദ് ഷെയ്ഖ്.
കാണാതായ മകന്റെ വിവരങ്ങൾ തേടി മാതാപിതാക്കൾ സാമൂഹ്യമാധ്യമങ്ങളിൽ ഫോട്ടോ സഹിതം റിപ്പോർട്ട് നൽകിയിരുന്നു. മൃതദേഹം ഔദ്യോഗിക കൈമാറ്റം കുപ് വാരയിലെ തീത്വാൾ ക്രോസിൽ നടത്തണമെന്ന് പാക്കിസ്ഥാൻ നിലപാട് എടുത്തു. അച്ചൂരിൽ നിന്നും 200 കിലോമീറ്റർ മാറിയാണിത്. ഗുരേസ് വാലിയിൽ വച്ച് മൃതദേഹം കൈമാറണമെന്ന് ഇന്ത്യൻ സൈന്യം നിലപാട് എടുത്തു. ഗുരേസിനും ചുറ്റുമുളള മൈൻ പ്രദേശങ്ങളായിരുന്നു പാക്ക് സൈന്യത്തിന് ആശങ്ക.
അപകടം നിറഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ച് ഇന്ത്യൻ സൈന്യം തങ്ങളുടെ ദൗത്യം പൂർത്തകരിച്ചു. ഉച്ചയോടെ മൃതദേഹം പരിശോധന കഴിഞ്ഞ് പാക്കിസ്ഥാന് കൈമാറി. ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണെന്ന് ബന്ദിപ്പോറ ഡപ്യൂട്ടി കമ്മീഷണർ ഷഹബാസ് മിശ്ര പറഞ്ഞു.
Discussion about this post