ഡൽഹി: പ്രാധനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ അമേരിക്ക സന്ദർശിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കും. സെപ്റ്റംബർ 23ന് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് അദ്ദേഹം ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിക്കും.
ലോകത്തിന്റെ ഊർജ്ജ തലസ്ഥാനമെന്നറിയപ്പെടുന്ന ഹൂസ്റ്റണിൽ ധാരാളം ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും തിങ്ങിപ്പാർക്കുന്നു. 2014ൽ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്.
നരേന്ദ്ര മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനം 2014ൽ ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിലായിരുന്നു. രണ്ടാം സന്ദർശനം 2016ൽ സിലിക്കൺ വാലിയിലും. ഈ രണ്ട് സന്ദർശനങ്ങളും വൻ വിജയങ്ങളായിരുന്നു.
പ്രധാനമന്ത്രിയുടെ ഹൂസ്റ്റൺ സന്ദർശനം വൻ വിജയമാക്കാനൊരുങ്ങുകയാണ് അമേരിക്കയിലെ ഇന്ത്യൻ ജനത. എഴുപതിനായിരം പേരെ ഉൾക്കൊള്ളുന്ന എൻ ആർ ജി കമ്മ്യൂണിറ്റി സ്റ്റേഡിയത്തിലാകും അദ്ദേഹം ജനങ്ങളോട് സംവദിക്കുക. ടെക്സാസ് ഗവർണ്ണറും ഹൂസ്റ്റൺ മേയറും കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചിരുന്നു. ടെക്സാസിലെ മുൻ ഗവർണ്ണറും ഇപ്പോഴത്തെ ഊർജ്ജ സെക്രട്ടറിയുമായ റിക്ക് ടെറി ഇന്ത്യയുമായും അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായും മികച്ച ബന്ധം പുലർത്തുന്ന വ്യക്തിയാണ്.
ലോകനേതാവായി ഉയർന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹം.
Discussion about this post