അയോഗ്യതാ നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ രാജിയില്‍ തീരുമാനമെടുക്കുന്നതു നീട്ടിക്കൊണ്ടുപോവുന്ന കര്‍ണാടക സ്പീക്കറുടെ നടപടിയെ എതിര്‍ത്ത് വിമത എംഎല്‍എമാര്‍ സുപ്രിം കോടതിയില്‍. ഒരാള്‍ എംഎല്‍എയായി തുരടേണ്ടെന്നു സ്വയം തീരുമാനിച്ചാല്‍ എങ്ങനെയാണ് നിര്ബന്ധിക്കാനാവുകയെന്ന് രാജിവച്ച എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി ചോദിച്ചു. കേരളത്തില്‍ പിസി ജോര്‍ജിനെതിരായ അയോഗ്യതാ നോട്ടീസ് നിലനില്ക്കുമ്പോള് രാജിവയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് റോത്തഗി ചൂണ്ടിക്കാട്ടി.
രാജിവച്ച പത്തു പേരില്‍ ഉമേഷ് ജാദവിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ട്. അയോഗ്യതാ നോട്ടീസ് നിലനില്ക്കുമ്പോള് തന്നെയാണ് ഈ നടപടി. അയോഗ്യതാ നോട്ടീസ് രാജി സ്വീകരിക്കുന്നതിനു തടസമല്ലെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് റോത്തഗി പറഞ്ഞു. അയോഗ്യതാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കാതിരിക്കാനാവില്ലെന്ന് റോത്തഗി പറഞ്ഞു.
ഒരാളുടെ രാജിക്ക് ഒരായിരം കാരണങ്ങളുണ്ടാവാം. ഇവിടെ സ്പീക്കര്‍ പറയുന്നത് മറ്റൊരു പാര്‍ട്ടിക്കു വേണ്ടിയാണ് എംഎല്‍എമാര്‍ രാജിവച്ചതെന്നാണ്. രാജിവച്ചവര്‍ രാജിവച്ചെന്ന് സുപ്രിം കോടതിയിലും ടെലിവിഷന്‍ ചാനലുകളിലും പോയി കരഞ്ഞുപറയേണ്ടി വരികയാണ്. സ്പീക്കറാണെങ്കിലും അതു സമ്മതിക്കുന്നുമില്ല. ഇതു പരിഹാസ്യമാണ്- റോത്തഗി വാദിച്ചു.
Discussion about this post