ഹൂസ്റ്റൺ: അമേരിക്കൻ സന്ദർശന വേളയിൽ ഹൂസ്റ്റണിലെ ‘ഹൗഡി മോഡി’ കൂട്ടായ്മയെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂസ്റ്റണിലെ ടെക്സാസ് ഇന്ത്യ ഫോറമാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
വേഗത്തിൽ വളരുന്ന ഇന്ത്യൻ- അമേരിക്കൻ സാമ്പത്തിക രംഗങ്ങളെ ത്വരിതപ്പെടുത്തുന്നതിനും ഇന്ത്യൻ- അമേരിക്കൻ പങ്കാളിത്തത്തിലെ പൊതു താത്പര്യങ്ങൾ പങ്കു വെയ്ക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ടെക്സാസ് ഇന്ത്യ ഫോറം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന ‘നവീന ഭാരതം‘ എന്ന ആശയവും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും തമ്മിൽ വലിയ സാമ്യമുണ്ട്. അമേരിക്കൻ ചിന്താധാരയ്ക്കും ഇന്ത്യൻ ചിന്താ പദ്ധതികൾക്കും പൊതുവായ സവിശേഷതകളുണ്ട്. ഇത്തരം വേദികളിൽ അവ പങ്കു വെയ്ക്കപ്പെടുമ്പോൾ സാംസകാരിക സമന്വയം സാദ്ധ്യമാകും. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ പാലമായി വർത്തിക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കും.’ സംഘാടക സമിതിയുടെ പ്രസ്താവനയിൽ കൺവീനർ ജുഗൽ മലാനി പറഞ്ഞു.
അമേരിക്കയിലെ നൂറ് കണക്കിന് വ്യവസായ പ്രമുഖരും പൊതു നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പുറമെ ഇന്ത്യൻ- അമേരിക്കൻ കലാരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സാംസ്കാരിക പരിപാടിയും സംഘാടകർ ആസൂത്രണം ചെയ്യുന്നുണ്ട്. അമേരിക്കയിലെയും ഇന്ത്യയിലെയും കോടിക്കണക്കിന് ആളുകൾക്ക് അത് ടെലിവിഷനിലൂടെ തത്സമയം കാണാനുള്ള സൗകര്യമൊരുക്കുമെന്നും ഹൗഡി മോഡി സംഘാടക സമിതി അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ ഗംഭീര വിജയത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണ് സെപ്റ്റംബർ 22ന് നടക്കുന്നത്.
ഇതിന് മുൻപ് ന്യൂയോർക്കിലെ മാഡിസൻ സ്ക്വയറിലും സാഞ്ചോസിലെ എസ് എ പി സെന്ററിലും പ്രധാനമന്ത്രി സമാനമായ പരിപാടികളിൽ പങ്കെടുത്തിരുന്നു. അവയൊക്കെയും ഗംഭീര വിജയങ്ങളായിരുന്നു.
Discussion about this post