ഡൽഹി: ഭീകരവാദത്തിന്റെ വേരറുക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ ദൗത്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി. പ്രതിപക്ഷത്തിരിക്കുന്ന സമയത്തും ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമ നിർമ്മാണമെന്നത് എൻഡിഎയുടെ നയമായിരുന്നു. ഭീകരവാദത്തിനെതിരെ സഭയുടെ മുഴുവൻ പിന്തുണയും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത നടപടികൾ എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയും സഭയിൽ വ്യക്തമാക്കി. യുപിഎ സർക്കാരിന്റെ 2004-2014 ഭരണകാലഘട്ടത്തിൽ രാജ്യത്തിനകത്തെ ഭീകരവാദപ്രവർത്തനങ്ങളുടെ ഫലമായി 40 സംഭവങ്ങളിൽ 883 പേർക്ക് ജീവഹാനി സംഭവിച്ചു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഇത്തരത്തിലുള്ള നാല് സംഭവങ്ങളിലായി 91 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും അദ്ദേഹം സഭയെ അറിയിച്ചു. ഈ നാലിൽ മൂന്ന് സംഭവങ്ങൾക്ക് പിന്നിലും പാകിസ്ഥാനാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്ന എല്ലവരെയും തീവ്രവാദികളായി പ്രഖ്യാപിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. ലോകരാജ്യങ്ങളെല്ലാം മതതീവ്രവാദത്തിന്റെ ഇരകളാണെന്ന് വ്യക്തമാക്കിയ അമിത് ഷാ, കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ ഇത്തരം സംഭവങ്ങൾ കുറയാനിടയാക്കിയെന്നും തെളിവുകൾ സഹിതം വ്യക്തമാക്കി.
ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയതായും തത്ഫലമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നുഴഞ്ഞു കയറ്റം പോലെയുള്ള സംഭവങ്ങളിൽ ഗണ്യമായ കുറവ് വന്നതായും അമിത് ഷാ പറഞ്ഞു. ഇടത് തീവ്രവാദ ബാധിത സംസ്ഥാനങ്ങളിലും സ്ഥിതിക്ക് വലിയ വ്യത്യാസമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
1967ലെ യുഎപിഎ നിയമമാണ് സർക്കാർ ഭേദഗതി ചെയ്യുന്നത്. ഭീകരവാദവുമായി ബന്ധപ്പെട്ട് വസ്തുവകകൾ കണ്ടു കെട്ടണമെങ്കിൽ നിലവിൽ അന്വേഷണ ഉദ്യോഗസ്ഥന് ഡിജിപിയുടെ അനുമതി ആവശ്യമാണ്. എന്നാൽ എൻ ഐ എ അന്വേഷിക്കുന്ന കേസുകളിൽ ഇത്തരം നടപടികൾക്ക് എൻഐഎ ഡി ജിയുടെ അനുമതി മാത്രം മതിയാകും.
Discussion about this post