പുനെ: ഇടത് തീവ്രവാദികൾക്ക് മുസ്ലീം മതമൗലികവാദ സംഘടനകളുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന സൂചനകളുമായി പുനെ പൊലീസ് കോടതിയിൽ. ഭീമ കൊറഗാവ് കേസിൽ കുറ്റാരോപിതനായ അർബൻ നക്സൽ നേതാവ് ഗൗതം നവ്ലാഖ പല ഘട്ടങ്ങളിലും മുസ്ലീം മതമൗലികവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധപ്പെട്ടതായും കേസിൽ തുടരന്വേഷണാനുമതി ആവശ്യമാണെന്നുമാണ് പുനെ പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
ഗൗതം നവ്ലാഖയുടെ അനുയായികളായ റോണ വിൽസൺ, സുരേന്ദ്ര ഗാഡ്ലിംഗ് തുടങ്ങിയവരുടെ ലാപ് ടോപ്പുകളും മറ്റ് രേഖകളും പരിശോധിച്ചതിൽ നിന്നും നവ്ലാഖയും വിവിധ നക്സൽ ഗ്രൂപ്പുകളും ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി പല തവണ ബന്ധപ്പെട്ടതായി സൂചനയുള്ളതായി പൊലീസിന് വേണ്ടി വാദിച്ച അരുണ പൈ ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി.
2011 മുതൽ ഹിസ്ബുൾ മുജാഹിദ്ദീനുമായി ഇടത് ഭീകരവാദികൾ നിരന്തരം സമ്പർക്കത്തിലേർപ്പെട്ടിരുന്നതിന്റെ തെളിവുകളാണ് പുനെ പൊലീസിന് ലഭിച്ചിരിക്കുന്നത്. 2011നും 2014നുമിടയിൽ നവ്ലാഖ കശ്മീരി വിഘടനവാദി നേതാക്കളായ സയീദ് അലി ഷാ ഗീലാനിയുമായും ശെയ്ഖ് ബക്ഷിയുമായും ബന്ധപ്പെട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
യുഎപിഎ അടക്കമുള്ള നിരവധി കേസുകളാണ് പൊലീസ് നവ്ലാഖയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജൂലൈ 5ന് ഹൈക്കോടതി നവ്ലാഖയ്ക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു. അടുത്ത ഉത്തരവുണ്ടാകുന്നത് വരെ നവ്ലാഖയെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളുടെ ഭീകരബന്ധം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസ് ഹാജരാക്കിയിരിക്കുന്നത്. കേസിൽ കോടതിയുടെ പുതിയ ഉത്തരവിന് കാത്തിരിക്കുകയാണ് പുനെ പൊലീസ്.
Discussion about this post