സിപിഎമ്മുകാർ പ്രതികളായ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതിനു സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 56.4 ലക്ഷം രൂപ. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി ഷുഹൈബിനെ (30) കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐക്കു വിട്ടിരുന്നു. സർക്കാരിന്റെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഇതു സ്റ്റേ ചെയ്തു. അതിനെതിരെ ഷുഹൈബിന്റെ പിതാവ് നൽകിയ ഹർജിയിൽ, സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാനാണു സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നു പണമെടുത്തു സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നത്.
ഇതിന്റെ ചെലവ് വിവരാവകാശ നിയമ പ്രകാരം ചോദിച്ചിട്ടും നിയമ സെക്രട്ടറിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും ഓഫിസിൽ നിന്നു പൂർണ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. സുപ്രീം കോടതി അഭിഭാഷകനായ വിജയ് ഹൻസാരിയയ്ക്കു ജൂണിൽ 12.20 ലക്ഷം രൂപ നൽകി. 22.42 ലക്ഷം രൂപയുടെ ബില്ലാണ് അദ്ദേഹം നൽകിയത്. 2018 ഡിസംബർ 1, 8 തീയതികളിൽ മുതിർന്ന അഭിഭാഷകരുമായി കേസ് ചർച്ച ചെയ്തതിനും 18, 19 തീയതികളിൽ ഹൈക്കോടതിയിൽ ഹാജരായതിനുമാണിത്.
സുപ്രീം കോടതി അഭിഭാഷകർ ഏതെല്ലാം തീയതികളിലാണു ഹൈക്കോടതിയിൽ ഹാജരായതെന്നും ഇനിയും എത്ര ബില്ലുകൾ സമർപ്പിക്കാനുണ്ടെന്നും സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. അതു കൂടിയാകുമ്പോൾ ഇനിയും ലക്ഷങ്ങൾ വന്നേക്കാം. മറ്റൊരു സുപ്രീം കോടതി അഭിഭാഷകന് 8.80 ലക്ഷം രൂപ ഈ കേസിൽ നൽകിയെന്ന വിവരാവകാശ രേഖ മുൻപു പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവിട്ട വിവരാവകാശ രേഖയിൽ ഈ അഭിഭാഷകന്റെ പേരോ തുകയോ ഇല്ല.
Discussion about this post