ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയചിത്രത്തിനൊപ്പം ”വാഗ്ദാനം പാലിച്ചന്ന” ട്വീറ്റുമായി ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്.
പ്രധാനമന്ത്രി പങ്കെടുത്ത ഒരു പഴയ പരിപാടിയുടെ ചിത്രത്തിനൊപ്പമാണ് ട്വീറ്റ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൂ, ഭീകരവാദം ഇല്ലാതാക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നെഴുതിയ ബാനര്‍ മോദിക്കു പിന്നില്‍ കാണാം. എന്നാല്‍ എന്നാണ് ഈ പരിപാടി നടന്നതെന്ന കാര്യം ട്വീറ്റില്‍ വ്യക്തമല്ല.
Promise fulfilled pic.twitter.com/iiHQtFxopd
— Ram Madhav (@rammadhav_) August 5, 2019
ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതായുള്ള ഉത്തരവ് രാഷ്ട്രപതി തിങ്കളാഴ്ച ഒപ്പുവച്ചിരുന്നു. ഇതു സംബന്ധിച്ച പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു.ഇതിനൊപ്പം കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള ജമ്മു കശ്മീര്‍ പുനസംഘടനാ ബില്‍ ഷാ സഭയില്‍ അവതരിപ്പിച്ചു. ലഡാക്കിനെ നിയമ നിര്‍മാണ സഭയില്ലാത്ത കേന്ദ്ര ഭരണപ്രദേശമായും ജമ്മു കശ്മീരിനെ നിയമ നിര്‍മാണസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായും മാറ്റാനാണ് ബില്‍ നിര്‍ദേശിക്കുന്നത്
രാജ്യസഭയില്‍ അമിത് ഷാ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.
Discussion about this post