ചർച്ചകൾ തുടരണമെങ്കിൽ ഭീകരവാദം നിർത്തിയാൽ മതിയെന്ന് പാകിസ്ഥാനോട് ഇന്ത്യ. ഐക്യരാഷ്ട്രസഭ സുരക്ഷാ കൌൺസിൽ യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ ഈ സന്ദേശം നമ്മുടെ അയൽക്കാർക്ക് നൽകിയത്.
ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്. 370ആം വകുപ്പ് മാറ്റം വരുത്തിയ നടപടി ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. ചിലരൊക്കെ അനാവശ്യമായി മറ്റുള്ളവരെ പരിഭ്രമിപ്പിക്കാനായി ചില ബഹളമൊക്കെ ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഭീകരവാദം നിർത്തുക. ചർച്ചകൾ തുടരുന്നതായിരിയ്ക്കും. പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ അദ്ദേഹം അറിയിച്ചു.
സാധാരണ രാഷ്ട്രങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനും മുന്നോട്ടുപോകാനും ഭീകരവാദമല്ല ഉപയോഗിയ്ക്കുന്നത്. ബോധമുള്ള രാഷ്ട്രങ്ങൾ അങ്ങനെയല്ല പെരുമാറുന്നത്. ഭീകരവാദം നിലനിൽക്കുമ്പോൾ ചർച്ചകൾക്ക് ഒരു ജനാധിപത്യരാജ്യവും മുതിരുകയില്ല. അതുകൊണ്ട് ഭീകരവാദം നിർത്തുക, ചർച്ചകൾ പുനരാരംഭിയ്ക്കുക.ഇന്ത്യൻ പ്രതിനിധി പാകിസ്ഥാനെ ഉപദേശിച്ചു.
കാശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും പതിയെ നീക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ജിഹാദിന്റെ വാക്കുകളുപയോഗിച്ച് ഇന്ത്യയ്ക്കെതിരെ ആക്രമണമഴിച്ചുവിടുകയാണ്. ആ രാജ്യത്തിലെ നേതാക്കളുൾപ്പെടെ അങ്ങനെയാണ് ചെയ്യുന്നത്. അക്രമം ഇന്നനുഭവിയ്ക്കുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നവർ ഓർത്തിരിയ്ക്കണം. സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.
ഇന്ത്യൻ പ്രതിനിധി പാകിസ്ഥാനെതിരേ മാത്രമല്ല ചൈനയ്ക്കെതിരേയും അതിശക്തമായാണ് പ്രതികരിച്ചത്. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൌൺസിൽ യോഗത്തിനു ശേഷം ചൈനയും പാകിസ്ഥാനും ചേർന്ന് ലോകരാജ്യങ്ങൾ സംസാരിയ്ക്കുന്നു എന്ന രീതിയിൽ പ്രസ്താവനകളിറക്കിയാൽ അത് അന്താരാഷ്ട്ര സമൂഹത്തിന്റെ അഭിപ്രായമൊന്നുമാകില്ല എന്നവർ ഓർത്തിരിയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post