കുന്നമംഗലം: മുസ്ലിം മതത്തിന് ഭൂരിപക്ഷം ഉണ്ടാക്കുന്ന വിധത്തില്‍ ചെറുകുളത്തൂര്‍ പഞ്ചായത്ത് രൂപീകരിക്കാനുള്ള മുസ്ലിംലീഗ് നേതൃത്വത്തിന്റെ നീക്കത്തിനെതിരെ യൂഡിഎഫ് ഘടകകക്ഷിയായ കോണ്‍ഗ്രസും രെഗത്തെത്തി. മതാടിസ്ഥാനത്തില്‍ പഞ്ചായത്ത് രൂപീകരിക്കാനുള്ള ലീഗ് നിര്‍ദേശം അനുവദിക്കാനാവില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതും സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കുന്നതുമാണ് ലീഗ് നീക്കമെന്നാണ് ആക്ഷേപം.
പെരുവയല്‍ പഞ്ചായത്ത് വികസന സെമിനാറില്‍ നിന്ന് പത്തോളം വരുന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇറങ്ങിപോയി. നേരത്തെ എല്‍ഡിഎഫും സെമിനാര്‍ ബഹിഷ്കരിച്ചിരുന്നു. നാല്, അഞ്ച് വാര്‍ഡുകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സെമിനാര്‍ ബഹിഷ്കരിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി പെരുവയല്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ലീഗിനുള്ളില്‍ നേതൃസ്ഥാനം പിടിച്ചെടുക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളാണ് പുതിയ പഞ്ചായത്ത് രൂപീകരണ നിര്‍ദേശത്തിന് പിന്നിലുള്ളതെന്ന് ലീഗുകാരില്‍ ചിലര്‍ക്കും അഭിപ്രായമുണ്ട്. ഇതിനിടെ കുന്നമംഗലം പഞ്ചായത്തിനെ വിഭജിക്കാതെ മുന്സിപ്പാലിറ്റിയാക്കണമെന്ന നിര്‍ദേശവുമായി കുന്നമംഗലത്തെ ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post