ഡൽഹി: കർത്താർപുർ ഇടനാഴി സമയബന്ധിതമായി പൂർത്തിയാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ റദ്ദാക്കിയതിന് ശേഷം ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നിരന്തരം അപവാദ പ്രചാരാണങ്ങൾ നടത്തുന്നതിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം. വിഷയത്തിൽ സാങ്കേതിക സമിതിയുടെ യോഗം കഴിഞ്ഞ ദിവസം പഞ്ചാബിലെ ഗുർദാസ്പുരിൽ ചേർന്നിരുന്നു.
1522ൽ സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് പണി കഴിപ്പിച്ച ആരാധനാലയമാണ് കർത്താർപുർ സാഹിബ്. പാകിസ്ഥാനിലെ ദർബാർ സാഹിബിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്ക് ഇന്ത്യക്കാരായ തീർത്ഥാടകർക്ക് വിസ ഇല്ലാതെ സന്ദർശനം നടത്താമെന്നതാണ് ഇടനാഴിയുടെ പ്രാധാന്യം. പാകിസ്ഥാനിലെ ദർബാർ സാഹിബിനെയും ഇന്ത്യയിലെ ദേരാ ബാബ നാനാക് ദേവാലയത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇടനാഴി വിഭാവനം ചെയ്യുന്നത്. പാകിസ്ഥാൻ നഗരമായ ലാഹോറിൽ നിന്ന് കേവലം 125 കിലോമീറ്റർ മാത്രം അകലത്തിലായിരിക്കും ഇടനാഴി സ്ഥാപിക്കപ്പെടുക. ഗുരുനാനാക്ക് ദേവന്റെ 550ആമത് ജന്മവാർഷികമായ നവംബറിൽ ഇടനാഴി സമർപ്പിക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.
കർത്താർപുർ ഇടനാഴിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടന്നു വരികയാണ്. ജൂലൈയിൽ വിഷയത്തിൽ ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു. 1947ൽ പാകിസ്ഥാൻ രൂപീകരിക്കപ്പെട്ടതിന് ശേഷം വിസ രഹിതമായി യാത്രചെയ്യാൻ ഉതകുന്ന ആദ്യത്തെ ഇടനാഴിയായിരിക്കും കർത്താർപുർ എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യൻ അതിർത്തി മുതൽ ദർബാർ സാഹിബ് ഗുരുദ്വാര വരെ പാകിസ്ഥാനും ദേരാ ബാബ നാനാക് ഗുരുദ്വാര മുതൽ പാക് അതിർത്തി വരെയുള്ള ഭാഗം ഇന്ത്യയുമായിരിക്കും നിർമ്മിക്കുക.
Discussion about this post