ഡൽഹി: മുൻ ജെ എൻ യു യൂണിയൻ പ്രസിഡന്റും എ ഐ എസ് എഫ് നേതാവുമായ കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നിഷേധിച്ചു. രാജ്യദ്രോഹക്കുറ്റത്തിലാണ് കനയ്യ കുമാറിനെ പിന്തുണച്ച് കെജരിവാൾ സർക്കാർ രംഗത്ത് വന്നിരിക്കുന്നത്.
പൊലീസ് സമർപ്പിച്ച തെളിവുകൾ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പര്യാപ്തമല്ലെന്നാണ് ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയിന്റെ നിലപാട്.
2016ൽ ജെ എൻ യു ക്യാമ്പസിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് നിലവിൽ കനയ്യ കുമാർ നടപടി നേരിടുന്നത്. കനയ്യ കുമാറിന് പുറമെ സർവ്വകലാശാല വിദ്യാർത്ഥികളായിരുന്ന മറ്റ് ഒൻപത് പേർക്കെതിരെയും കേസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കനയ്യ കുമാർ അടക്കമുള്ള നേതാക്കൾക്കെതിരെ സർവ്വകലാശാല നടപടി സ്വീകരിച്ചിരുന്നു. കനയ്യ കുമാർ ഉൾപ്പെടെ 21 വിദ്യാർത്ഥികളെ സർവ്വകലാശാല ഒരു സെമസ്റ്ററിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കനയ്യകുമാറിന് 10,000 രൂപ പിഴയും സർവ്വകലാശാല വിധിച്ചിരുന്നു.
2016ൽ ജവഹർലാൽ നെഹ്രു സർവ്വകലാശാല ക്യാമ്പസിൽ അഫ്സൽ ഗുരു അനുസ്മരണം നടത്തുകയും ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്ത കേസിൽ കനയ്യ കുമാറിനും മറ്റൊരു വിദ്യാർത്ഥി നേതാവായ ഉമർ ഖാലിദിനും നിയമ നടപടി നേരിടേണ്ടതായി വന്നിരുന്നു.
ചാർജ് ഷീറ്റിൽ ഡൽഹി സർക്കാരിന്റെ അനുമതി പത്രം ഇല്ലാത്തതിന്റെ പേരിൽ ജനുവരി 19ന് കോടതി കേസ് മടക്കിയിരുന്നു.
Discussion about this post