അജ്മാൻ: വ്യാജരേഖ ചമച്ച് തനിക്കെതിരെ ചെക്ക് കേസ് നൽകിയ വ്യവസായി നാസിൽ അബ്ദുള്ളയ്‍ക്കെതിരെ ക്രിമിനൽ കേസ് കൊടുക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഗൂഢാലോചന കുറ്റം ചുമത്തിയാകും പരാതി നൽകുക.
ഒമ്പത് മുതൽ പത്ത് വർഷക്കാലം മുന്നേയുള്ള, നിരോധിക്കപ്പെട്ട ചെക്ക് കൊണ്ട് പോയി, അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് എഴുതിവാങ്ങി, ഇങ്ങനൊരു കേസ് തനിക്കെതിരെ കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്ന് തുഷാർ ആരോപിക്കുന്നു. യുഎഇയിലെ നിയമസംവിധാനങ്ങൾ വച്ച് വളരെ ഗുരുതരമായ കുറ്റമാണ് ഇത്. യുഎഇയിലെ സുതാര്യമായ നിയമസംവിധാനത്തിന്‍റെ അടിസ്ഥാനത്തിലാണ് തനിക്ക് 20 ദിവസം കൊണ്ട് നീതി കിട്ടിയതെന്നും തുഷാർ പറയുന്നു.
തന്‍റെ ലെറ്റർ ഹെഡ് എടുത്തു കൊണ്ടുപോയി, അതിൽ കത്ത് ടൈപ്പ് ചെയ്ത് വ്യാജരേഖയുണ്ടാക്കിയാണ് കേസ് നൽകിയത്. രേഖയിൽ ഫൊറൻസിക് പരിശോധന നടത്തിയാൽ ഗൂഢാലോചന പുറത്ത് കൊണ്ടു വരാൻ സാധിക്കുമെന്നും തുഷാർ ആരോപിക്കുന്നു. ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തൽക്കാലം പരാതി കൊടുക്കുന്നതിനാൽ പേര് പറയുന്നില്ലെന്നും തുഷാർ വ്യക്തമാക്കി.
നാസിൽ നൽകിയ ചെക്ക് കേസിൽ ആദ്യം തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിശ്വാസ്യയോഗ്യമായ തെളിവുകളില്ലാത്തതിനാൽ അജ്മാൻ കോടതി ഹർജി തള്ളിക്കളയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് നാസിലിനെതിരെ ക്രിമിനൽ കേസ് നൽകാൻ തുഷാർ ഒരുങ്ങുന്നത്. ഏകദേശം മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ തുഷാർ പരാതിയിൽ ആരോപിക്കുന്നത്.
Discussion about this post