ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതി നോക്കുമ്പോൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു.
ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുറേഷി. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും മനസ്സിലാക്കുന്നു. എന്നാൽ അപ്രതീക്ഷിത യുദ്ധം തളളിക്കളയാനാവില്ല. ഈ സാഹചര്യം തുടരുകയാണെങ്കിൽ എന്തും നടക്കുമെന്നും ഖുറേഷി പറഞ്ഞു.
ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റ് ഈ പ്രദേശം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം.ബാച്ച്‌ലെറ്റുമായി സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ,പാക്കിസ്ഥാൻ മേഖലകൾ സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഖുറേഷി പറഞ്ഞു.
ഹൈക്കമ്മീഷണർ രണ്ട് സ്ഥലവും സന്ദർശിച്ച് വസ്തു നിഷ്ഠമായി റിപ്പോർട്ട് ചെയ്യണം. യഥാർത്ഥ സാഹചര്യം ലോകം അറിയണം. സംഘർഷങ്ങൾ പരിഹരിക്കുന്നതിനുളള ഉഭയകക്ഷി ചർച്ചകൾക്കുളള സാധ്യതയും ഖുറേഷി തളളി.യുഎൻ മനുഷ്യാവകാശ സമിതിയിൽ ഖുറേഷിക്ക് ഇന്ത്യ കടുത്ത ശാസന നൽകിയിരുന്നു.
Discussion about this post