1942 ഡിസംബർ 22ന് രാത്രി വിഗ്രഹം കൊണ്ടുവെച്ചതോടെയാണ് അതുവരെ ബാബരി മസ്ജിദ് കെട്ടിടത്തിന് പുറത്ത് നടത്തിയിരുന്ന പൂജയും വിഗ്രഹാരാധനയും പള്ളിക്കകത്തേക്ക് മാറ്റിയതെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകനായ രാജീവ് ധവാൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. 1949 ഡിസംബർ 22 വരെ ബാബരി മസ്ജിദിൽ നമസ്കാരം നടന്നതിന് രേഖാമൂലമുള്ള തെളിവുകൾ ധവാനൊപ്പം സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ സഫരിയാബ് ജീലാനി കോടതിയിൽ സമർപ്പിച്ചു.
ബാബരി ഭൂമി കേസിൽ 23ാം ദിവസത്തെ വാദത്തിൽ 1934ന് ശേഷം ബാബരി മസ്ജിദിൽ നമസ്കാരം നടന്നിട്ടില്ലെന്ന എതിർപക്ഷ അഭിഭാഷകരുടെ വാദം ഖണ്ഡിക്കുകയായിരുന്നു ഇരുവരും. വിഗ്രഹം കൊണ്ടുവെക്കുന്നതു വരെ ബാബരി മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിന് താഴെയാണ് രാമജന്മഭൂമി എന്നൊരാളും പറഞ്ഞിട്ടില്ല എന്നും ധവാൻ ചൂണ്ടിക്കാട്ടി.
ബാബരി മസ്ജിദിൽ പേഷ് ഇമാമായിരുന്ന അബ്ദുൽ ഗഫാറിന് കിട്ടാനുണ്ടായിരുന്ന ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് സയ്യിദ് മുഹമ്മദ് സകിയും അബ്ദുൽ ഗഫാറും തമ്മിലുള്ള കരാറിന്റെ പകർപ്പ് അക്കാലത്തും നമസ്ക്കാരം നടന്നതിന്റെ തെളിവായി ജീലാനി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തി. പേഷ് ഇമാം ശമ്പള വർധനവിനായി വഖഫ് കമ്മീഷണർക്ക് എഴുതിയത് സ്വകാര്യ രേഖയാണെന്നും പൊതുവായ രേഖയല്ലെന്നും പറഞ്ഞ് ജസ്റ്റിസ് അശോക് ഭൂഷൺ വാദത്തിലിടപെട്ടു.
എന്നാൽ, ഇൗ കരാറിന്റെ പകർപ്പ് 1945ലെ കേസിൽ സമർപ്പിച്ചതാണെന്നും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുണ്ടെന്നും അതിനാൽ പൊതുരേഖയാണെന്നും ജീലാനി വാദിച്ചു. പേഷ് ഇമാം ശമ്പളക്കാര്യത്തിൽ സമർപ്പിച്ച മറ്റൊരു അപേക്ഷയിൽ ഇൌ കരാറിനെക്കുറിച്ച് പറയുന്നുണ്ടെന്ന് ജസ്റ്റിഡ് ഡി.വൈ. ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
Discussion about this post